ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ആ അജ്ഞാതനായ ബീഡിത്തൊഴിലാളിയെ ഒടുവിൽ കണ്ടെത്തി

കണ്ണൂർ : വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ പേര് പോലും വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ ബീഡിത്തൊഴിലാളിയെ ഒടുവിൽ ചാനൽ ക്യാമറകൾ കണ്ടെത്തി.

കണ്ണൂർ നഗരത്തിൽ തന്നെ താമസിക്കുന്ന ജനാർദനാണ് ആ വലിയ മനസ്സിൻ്റെ ഉടമ . കണ്ണൂരുള്ള ഒരു ബാങ്കുദ്യോഗസ്ഥൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ആകെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 2,00,850 രൂപയിൽ നിന്ന് രണ്ട് ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വയോധികനായ ആ ബീഡിത്തൊഴിലാളി ‘വൈറൽ’ ആയത്. വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ ആ അജ്ഞാതൻ്റെ മഹാമനസ്കതയ്ക്ക് നന്ദി പറയുകയും ചെയ്തു.

അന്നു മുതൽ കണ്ണൂരിലെ മാധ്യമ പ്രവർത്തകർ നടത്തിയ അന്വേഷണമാണ് ഒടുവിൽ ആ വലിയ മനുഷ്യനെ പുറത്തു കൊണ്ടുവന്നത്.

” ഞാനൊരു ഉറച്ച കമ്യൂണിസ്റ്റുകാരനാണ്, എല്ലാവർക്കും ഇതൊരു പ്രചോദനമാകുമെങ്കിൽ താൻ ഹാപ്പിയാണ് ” ജനാർദനൻ പറയുന്നു.

12 വയസ്സുമുതൽ ബീഡി തൊഴിലാളിയാണ് ജനാർദനൻ. കൊവിഡ് വാക്സിന്റെ വിലവർധനവിനെ കുറിച്ചുള്ള വാർത്ത ജനാർദനനും അറിഞ്ഞു. തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്.

‘പൈസ കുന്നുകൂട്ടിവച്ചിട്ട് കാര്യമുണ്ടോ ? ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയല്ലേ വേണ്ടത്’- ജനാർദനൻ ചോദിക്കുന്നു.

ജനാർദനന്റെ ബാങ്ക് ബാലൻസായി ഇനിയുള്ളത് കേവലം 850 രൂപ മാത്രമാണ്. പക്ഷെ ജീവിക്കാൻ ഉള്ളത് ഇനിയുള്ള കാലം വീട്ടിലിരുന്ന് അധ്വാനിച്ചുണ്ടാക്കുമെന്ന ഉറപ്പുണ്ട് ഈ മനുഷ്യന്.

പരിമിതമായ സഹചര്യങ്ങളിലാണ് ജീവിതം. ഭാര്യ കൂടെയില്ലെന്ന വേദന മാത്രമാണ് ജനാർദനന്. പരിമിതികൾക്കിടയിലും ജനാർദനൻ സംതൃപ്തനാണ്.

Share
അഭിപ്രായം എഴുതാം