തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍മരം പൊട്ടി വീണ് അപകടം. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍, നടത്തറ സ്വദേശി രമേശന്‍ എന്നിവരാണ് മരിച്ചത്. 23/04/21 വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. വൈദ്യുതി കമ്പിക്ക് മുകളിലേക്കാണ് മരം വീണത്.
തിരുവമ്പാടി മഠത്തില്‍ വരവിനിടെയാണ് അപകടം. തുടര്‍ന്ന് ഒന്നരമണിക്കൂറിനുള്ളില്‍ മരം മുറിച്ച് മാറ്റുകയായിരുന്നു. 25 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. പഞ്ചവാദ്യക്കാര്‍ക്ക് മേലാണ് മരം വീണത്. മരം പൊട്ടി വീണ ഉടൻ ഒരാന വിരണ്ടോടിയെങ്കിലും ആളപായമുണ്ടാകുന്നതിനു മുൻപ് തളച്ചു.
തൃശൂര്‍ പൂരത്തിന്റെ ഭാഗമായി 24/04/21 ശനിയാഴ്ച നടക്കേണ്ടിയിരുന്ന വെടിക്കെട്ട് ഉപേക്ഷിച്ചു. പ്രധാന വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. കളക്ടര്‍ ദേവസ്വങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുകയായിരുന്നു. മരുന്ന് നിറച്ചതിനാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് തീര്‍ത്തു.
ശനിയാഴ്ച പകല്‍പൂരമാണ്. ഒരു ആനപ്പുറത്താകും എഴുന്നള്ളിപ്പ് നടക്കുക. പതിനഞ്ച് ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ് റദ്ദാക്കി.