ഐപിഎല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം

ചെന്നൈ: സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ 14-ാം സീസണിലെ ആദ്യ ജയം. പഞ്ചാബ് കിങ്സിനെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ചാണു ടീമിന്റെ വിജയം. ഇതുവരെ നടന്ന നാലു കളികളില്‍ മൂന്നിലും സണ്‍റൈസേഴ്സ് തോറ്റിരുന്നു. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 120 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് കളി തീരാന്‍ എട്ട് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.56 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 63 റണ്ണുമായി പുറത്താകാതെ നിന്ന ഓപ്പണറും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്റ്റോ, നായകനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ (37 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 37) എന്നിവരാണു ടീമിനെ ലക്ഷ്യത്തിലേക്കു നയിച്ചത്. കെയ്ന്‍ വില്യംസണ്‍ 19 പന്തില്‍ 16 റണ്ണുമായി ബെയര്‍സ്റ്റോയ്ക്കു കൂട്ടായിനിന്നു. ഓപ്പണിങ് വിക്കറ്റ് 73 റണ്ണെടുത്ത ശേഷമാണു പിരിഞ്ഞത്. ആറാം ഓവറില്‍ അവര്‍ 50 റണ്‍ കടന്നു.
ഫാബിയാന്‍ അലന്റെ പന്തില്‍ മായങ്ക് അഗര്‍വാള്‍ പിടിച്ചാണു വാര്‍ണര്‍ മടങ്ങിയത്. 48 പന്തിലാണു ബെയര്‍സ്റ്റോ അര്‍ധ സെഞ്ചുറി കടന്നത്. വിക്കറ്റിനു പിന്നിലും മികച്ച പ്രകടനം പുറത്തെടുത്ത ബെയര്‍സ്റ്റോ മത്സരത്തിലെ താരമായി. ഒരു സ്റ്റമ്പിങും ഒരു ക്യാച്ചുമെടുത്ത് കുറിച്ച ബെയര്‍സ്റ്റോ മുഹമ്മദ് ഷമിയുടെ റണ്ണൗട്ടിനും കാരണക്കാരനായി. പഞ്ചാബിന്റെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (25 പന്തില്‍ 22), ഷാരൂഖ് ഖാന്‍ (17 പന്തില്‍ രണ്ട് സിക്സറടക്കം 22) എന്നിവര്‍ മാത്രമാണു പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്.

നായകനും ഓപ്പണറുമായ ലോകേഷ് രാഹുല്‍ (നാല്), ക്രിസ് ഗെയ്ല്‍ (15) എന്നിവര്‍ നിരാശപ്പെടുത്തി. നികോളാസ് പൂരാന്‍ (0) ബാറ്റ് ചെയ്യുന്നതിനു മുമ്പു റണ്ണൗട്ടായതും പഞ്ചാബിനു തിരിച്ചടിയായി. ഗെയ്ലുമായുണ്ടായ ആശയക്കുഴപ്പത്തില്‍ ഇല്ലാത്ത റണ്ണ് നേടിയാണു പൂരാന്‍ പുറത്തായത്. വാര്‍ണറുടെ ത്രോ വിക്കറ്റ് തെറുപ്പിക്കുമ്പോള്‍ പൂരാന്‍ മടങ്ങിയെത്തിയിട്ടില്ലായിരുന്നു. സണ്‍റൈസേഴ്സിനു വേണ്ടി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റും അഭിഷേക് ശര്‍മ രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.

Share
അഭിപ്രായം എഴുതാം