പ്രവാസികളെ മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ പിണറായി കോവിഡ് പ്രോട്ടോ കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതീകരിക്കാനാവുമെന്ന് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ കോവിഡ് പരിശോധന പ്രോട്ടോകോള്‍ ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജന്‍ മറുപടി പറഞ്ഞേ മതിയാവൂ എന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ . എത്രയെത്ര കോവിഡ് രോഗികളെയാണ് മുഖ്യമന്ത്രി കോവിഡ് കാലത്ത് ചാപ്പകുത്തി ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് മാറ്റിനിര്‍ത്തിയത്. ഇറ്റലിക്കാരായ പ്രവാസി കുടുംബത്തില്‍ തുടങ്ങി കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിന്റെ നട്ടെല്ലായി നിലകൊളളുന്ന നമ്മുടെ കുടുംബങ്ങളിലെ ഓരോ പ്രവാസിയേയും മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ പിണറായിക്ക് കോവിഡ് പ്രോട്ടോ കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതീകരിക്കാനാവുമെന്നും ഷിബു ബേബിജോണ്‍ തന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ തുടരുന്നു : ‘കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തില്‍ ഒരു വൈറസ് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ അമരക്കാരനായി നിന്ന് പ്രതിരോധം തീര്‍ക്കേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ നേതൃത്വം നല്‍കുകയാണ്. ഈ മാസം 8ന് കോവിഡ് സ്ഥിരീകരിച്ച പിണറായി വിജയന് ചികിത്സാ കാലാവധിയായ 10 ദിവസം പൂര്‍ത്തീകരിക്കാതെ വീണ്ടും ടെസറ്റ് ചെയ്യാനും നെഗറ്റീവ് എന്ന ഫലം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിടാനും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സാധ്യമല്ല. പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ പിണറായി വിജയന്‍ പ്രോട്ടോകോള്‍ ലംഘിച്ചതെന്തിനെന്ന് അദ്ദേഹം മറുപടി പറഞ്ഞേ മതിയാവൂ.

അദ്ദേഹത്തെ ചികിത്സിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം അനുസരിച്ച് ഈമാസം നാലാം തീയതിമുതല്‍ പിണറായി വിജയന്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു. അങ്ങനെയാണെങ്കില്‍ സിനിമാ താരങ്ങളെ വിളിച്ചുകൂട്ടി റോഡ്ഷോ നടത്തിയതും തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തിയതും അതിനുശേഷമാണ് . വേലിതന്നെ വിളവ് തിന്നുന്ന തരത്തില്‍ നിരുത്തരവാദിത്തപരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് തെരഞ്ഞെടുപ്പു ദിവസം വോട്ടുചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയത്. പൂന്തുറയിലെ ആയിരക്കണക്കിന് മത്സ്യ ബന്ധന തൊഴിലാളികളെ പട്ടാളത്തെ ഇറക്കി ഭീഷണിപ്പെടുത്തി വീട്ടിലിരുത്തിയ പിണറായി വിജയന് തന്റെ മകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും സ്വയം ക്വോറന്‍റൈനിലിരിക്കാതെ പൊതുജന മദ്ധ്യത്തിലേക്ക് മടിയില്ലാതെ ഇറങ്ങാന്‍ കഴിഞ്ഞത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തില്‍ ആശങ്കയില്ലാത്തതു കൊണ്ടാണ് . പിണറായി വിജയന്റെ പ്രോട്ടോകോള്‍ ലംഘനം കേരളത്തിലെ ജനങ്ങളോടുളള വെല്ലുവിളിയാണ്. മനുഷ്യപ്പറ്റില്ലാത്ത ഈ പ്രവര്‍ത്തി കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.’

Share
അഭിപ്രായം എഴുതാം