ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി. പഞ്ചാബിനെതിരേ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തില്‍ പുറത്തായതോടെയാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്.63 പന്തുകള്‍ നേരിട്ട സഞ്ജു ഏഴ് സിക്‌സും 12 ഫോറുമടക്കം 119 റണ്‍സെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്‌സിന് ശ്രമിച്ച സഞ്ജു പുറത്താകുകയായിരുന്നു.ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്‌സ് (0), മനന്‍ വോറ (12), ജോസ് ബട്ട്‌ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അര്‍ധസെഞ്ചുറി തികച്ചു.

അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയന്‍ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നില്‍ നിന്ന് നയിച്ചു. ദുബെയെ അര്‍ഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോല്‍വിക്കുമിടയില്‍ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളില്‍ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡും ഇതോടെ സഞ്ജു സ്വന്തമാക്കി.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സെടുത്തത്. അവസാന ഓവറില്‍ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എല്‍. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

Share
അഭിപ്രായം എഴുതാം