ഖുര്‍ആനില്‍ നിന്നും 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി, ഹരജിക്കാരനെതിരെ രൂക്ഷ വിമർശനവും 50,000 രൂപ പിഴയും

ന്യൂഡൽഹി: ഖുര്‍ആനില്‍ നിന്നും 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയ്ക്കുനേരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ജി 50000 രൂപ പിഴയോടെ തള്ളിയ കോടതി ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത് അതീവ ബാലിശമായ കാര്യങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതിലൂടെ ഹര്‍ജിക്കാരന്‍ കോടതിയുടെ വിലപ്പെട്ട സമയം കളയുകയാണെന്നും 12/04/21 തിങ്കളാഴ്ച ഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു.

ആത്മാര്‍ഥതയോടെയും ഗൗരവത്തോടെയുമല്ല ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നതെന്നും പ്രശസ്തി മാത്രമാണ് ഇത്തരം ഹര്‍ജികള്‍ ലക്ഷ്യം വെക്കുന്നതെന്നും കോടതി ശാസിച്ചു.

ഉത്തര്‍പ്രദേശിലെ മുന്‍ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയദ് വസീം റിസ്വിയാണ് സുപ്രിംകോടതിയ്ക്കുമുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഖുര്‍ ആനിലെ 26 സൂക്തങ്ങള്‍ മതതീവ്രവാദം വളര്‍ത്തുന്ന ഗ്രൂപ്പുകള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും മതസ്പര്‍ദ്ധ പരത്തുന്ന വിധത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഈ ഭാഗങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നീക്കം ചെയ്യണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

എന്നാല്‍ ഹര്‍ജിയില്‍ പറയുന്ന വാദങ്ങള്‍ക്ക് യാതൊരു കഴമ്പുമില്ലെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജി പരിഗണിക്കാനെടുക്കുന്ന വേളയില്‍ തന്നെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ബെഞ്ച് ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നു. എന്നാല്‍ വാദത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞപ്പോള്‍ കുറച്ച് സമയം വാദം കേട്ടശേഷം കോടതി ഹര്‍ജി പിഴയോടെ തള്ളുകയായിരുന്നു.

ഈ സൂക്തങ്ങള്‍ അത്രയും ഖുര്‍ആനില്‍ പിന്നീട് തിരുകിക്കയറ്റുകയാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ 14 നൂറ്റാണ്ടുകളായി ഖുര്‍ആനില്‍ ഒരു വാക്കുപോലും മാറ്റിയിട്ടില്ലെന്നാണ് ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മഹമൂദ് പ്രതികരിച്ചത്.

Share
അഭിപ്രായം എഴുതാം