തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് ജാഗ്രത ശക്തമാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവർ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് കലക്ടർമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് രൂപംനൽകി. പ്രചാരണത്തിൽ ഏർപ്പെട്ടവരും ബൂത്ത് ഏജന്റുമാരും കർശനമായ സ്വയം നിരീക്ഷണം പാലിക്കണം. രോഗലക്ഷണം കണ്ടാൽ ആർടിപിസിആർ പരിശോധന നടത്തണം. ഒരാഴ്ച കർശന ജാഗ്രത വേണമെന്നാണ് നിർദേശം.
പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവരും പരിശോധനയ്‌ക്ക് വിധേയരാകണമെന്നാണ് ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിനുശേഷം കലക്ടർമാരുടെ അഭ്യർഥന. ഇവർ അടിയന്തരമായി തൊട്ടടുത്തുള്ള പിഎച്ച്സിയിലോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെട്ട് അടിയന്തരമായി കോവിഡ‍്ടെസ്റ്റ് ചെയ്യണം. ചുമയോ പനിയോ ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം പരിശോധിക്കണം.
എസ്എസ്എൽസി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ വീടുകളിൽനിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവരും പരിശോധിക്കണം. ഫലം വരുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകരുത്. ഫലം നെഗറ്റീവാണെങ്കിലും രോഗലക്ഷണമുള്ളവർ നിർബന്ധമായും മറ്റുള്ളവരിൽനിന്ന് അകന്ന് കഴിയണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരും നിർബന്ധമായും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കണം. വളന്റിയർമാർക്ക് ആർടിപിസിആർ ടെസ്റ്റ് പ്രത്യേകമായി ഏർപ്പെടുത്താനും തീരുമാനമായി.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലകളിൽ കർശന ജാഗ്രതാ നടപടി ആരംഭിച്ചത്. രോഗ വ്യാപനം തടയാൻ കൂടുതൽ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾ തയാറാകണം. മാസ്‌ക്, സാനിറ്റൈസർ, സാമൂഹ്യ അകലം എന്നീ ബ്രേക് ദ ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. കോവിഡ് മാനദണ്ഡങ്ങൾ ശക്തമാക്കാൻ സെക്ടറൽ മജിസ്‌ട്രേട്ടുമാർക്കും പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച(08/04/21) മുതൽ സംസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കും.
ചീഫ് സെക്രട്ടറി ബുധനാഴ്ച(07/04/21) വിളിച്ച കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കാൻ സർക്കാർ നിർദേശം നൽകി. എല്ലാ പോളിങ് ഏജന്റുമാർക്കും കോവിഡ് പരിശോധന നടത്തും. കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്കുള്ള ഏഴു ദിവസത്തെ ക്വാറന്റൈൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനമായി. കൂടാതെ വാക്സിനേഷനും ഊർജിതമാക്കും. തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പ്രതിരോധത്തിൽ പങ്കാളികളാക്കും.