അസമില്‍ 82ഉം ബംഗാളില്‍ 78 ശതമാനവും പോളിംഗ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിംഗ്. അസമില്‍ 83 ശതമാനവും ബംഗാളില്‍ 77.68 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ വൈകിട്ട് അഞ്ച് വരെ 63.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 31 സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ബിജെപിയും തൃണമൂലും 31 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും സിപിഎം 13 ലും മത്സരിക്കുന്നു. 234 സീറ്റുകളിലേക്കാണ് തമിഴ് നാട്ടില്‍ വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. 191 സീറ്റുകളിലും ഡിഎംകെ 188 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. എഐഎഡിഎംകെ സഖ്യകക്ഷിയായ പിഎംകെ 23 സീറ്റുകളിലും ബിജെപി 20 സീറ്റുകളിലും മത്സരിക്കുന്നു. ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. അവസാന ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന അസമില്‍ 40 സീറ്റുകളിലേക്കാണ് പോളിംഗ് നടന്നത്. ഭരണകക്ഷിയായ ബിജെപി രണ്ടാം ഊഴം ലക്ഷ്യമിട്ടാണ് അസമില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് 24 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. ബദ്രുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് 12, ബി.പി.എഫ് എട്ട്, സി.പി.എം ഒന്ന് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍. ചില സീറ്റുകളില്‍ സഖ്യകക്ഷികള്‍ ഓരോരുത്തരും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയും മത്സരിക്കുന്നുണ്ട്. ബിജെപി 20 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷികളായ എജിപി, യുപിപിഎല്‍ എന്നിവര്‍ യഥാക്രമം 13 ഉം എട്ട് ഉം മണ്ഡലങ്ങളിലും ജനവിധി തേടുന്നുണ്ട്. 2016 ല്‍ ബിജെപി എജിപി സഖ്യം 15 സീറ്റുകള്‍ നേടി. അന്ന് സഖ്യകക്ഷിയായിരുന്ന ബിപിഎഫ് എട്ട് നേടി. കോണ്‍ഗ്രസ് 11 ഉം എ.യു.യു.ഡി.എഫ് ആറും സീറ്റുകളാണ് നേടിയിരുന്നത്. പുതിച്ചേരിയില്‍ 30 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. വി നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതുച്ചേരിയില്‍ വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പുതുച്ചേരി ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലാണ്. 30 നിയമസഭാ സീറ്റുകളില്‍ 14 ലും കോണ്‍ഗ്രസ് മത്സരിക്കുന്നു. ഡിഎംകെ 13 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം