ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ എട്ടിന് വ്യാഴാഴ്ച വൈകീട്ട് 6.30നാണ് യോഗം. പ്രധാനമന്ത്രി കൊവിഡ് സാഹചര്യത്തിന് പുറമെ രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ ഡ്രൈവും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി മോദി ഞായറാഴ്ച രാജ്യത്ത് കൊവിഡ് 19 അവസ്ഥയും വാക്സിനേഷന്‍ വിതരണവും അവലോകനം ചെയ്തിരുന്നു.
കൊവിഡ് പരിശോധന, രോഗനിര്‍ണയം, ചികില്‍സ, കൊവിഡ് പ്രോട്ടോക്കോള്‍, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും നടപ്പാക്കിയാല്‍ വൈറസ് വ്യാപനം തടയുന്നതിന് ഫലപ്രദമാവുമെന്ന് മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു. രോഗവ്യാപനത്തിന്റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. മുഖ്യമന്ത്രികളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ചൊവ്വാഴ്ച 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈറസ് കേസുകളുടെ വര്‍ധനവിന് സാക്ഷ്യം വഹിക്കുന്ന അവിടത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.