പത്തനംതിട്ട: വോട്ടെടുപ്പ് ജില്ലാ കളക്ടര്‍ തത്സമയം നിരീക്ഷിക്കും

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ദിനത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ 716 ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നും വെബ്കാസ്റ്റിംഗ് വഴി നിരീക്ഷിക്കും. 716 ബൂത്തുകളില്‍ സജ്ജമാക്കിയിരിക്കുന്ന വെബ്ക്യാമറയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങളാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വീക്ഷിക്കുക.

വോട്ടെടുപ്പ് ദിവസം രാവിലെ 5.30ന് വെബ്കാസ്റ്റിംഗ് സംവിധാനം പ്രവര്‍ത്തനം ആരംഭിക്കും. ബൂത്തുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമീപത്തായി സ്ഥാപിക്കുന്ന വെബ്ക്യാമറ, വോട്ടര്‍ പോളിങ് ബൂത്തിനകത്ത് പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങളാണ് ഒപ്പിയെടുക്കുക. ബി.എസ്.എന്‍.എല്‍ ആണ് വെബ്കാസ്റ്റിംഗിന് ആവശ്യമായ നെറ്റ് വര്‍ക്ക് നല്‍കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വെബ്കാസ്റ്റിംഗിന്റെ ട്രയല്‍ റണ്‍ മുഴുവന്‍ ബൂത്തുകളെയും ഉള്‍ക്കൊള്ളിച്ച് നടത്തിയിരുന്നു. ഐടി മിഷന്റെ നേതൃത്വത്തിലാണ് വെബ്കാസ്റ്റിംഗ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 93 അക്ഷയ സംരംഭകര്‍ക്കാണ് വെബ്കാസ്റ്റിംഗിന്റെ ചുമതല. 

കണ്‍ട്രോള്‍ റൂമില്‍ വെബ്കാസ്റ്റിംഗ് നിരീക്ഷിക്കുന്നത് കളക്ടര്‍ക്ക് പുറമേ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, എന്‍.ഐ.സി ജീവനക്കാര്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍, പി.ഡബ്ല്യു.ഡി ജീവനക്കാര്‍, എന്നിവരുടെ ഒരു പാനല്‍ തന്നെയുണ്ടാകും. ജില്ലാ ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ജില്ലാ ഐടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ഷെയിന്‍ ജോസ് എന്നിവര്‍ക്കാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ ചുമതല. സിസിടിവി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ പകര്‍ത്തി ചീഫ് ഇലക്ടറല്‍ ഓഫീസില്‍ സൂക്ഷിക്കും.

Share
അഭിപ്രായം എഴുതാം