ന്യൂഡല്‍ഹി: പണപ്പെരുപ്പത്തിന്റെ തോതില്‍ പ്രകടമാകുന്ന പടി കയറ്റ പ്രവണത പലിശ നിരക്കുകള്‍ ഉയര്‍ത്തുമോ കുറയ്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കേ ആര്‍ബിഐയുടെ നയ രൂപീകരണ സമിതി യോഗം (എംപിസി) 05/04/21 തിങ്കളാഴ്ച ആരംഭിക്കും.
വായ്പയെടുത്തിട്ടുള്ളവരും വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവരും ആഗ്രഹിക്കുന്നതു നിരക്കുകള്‍ ഉയരാതിരുന്നെങ്കില്‍ എന്നാണ്. അതേസമയം, നിക്ഷേപക സമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്നത് ഇനിയെങ്കിലും നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയിരുന്നെങ്കില്‍ എന്നും. ഈ ആശങ്കയ്ക്ക് വിരാമമാവുക യോഗം അവസാനിക്കുന്നതോടെയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ, വായ്പ നയം ഏഴിനു പ്രഖ്യാപിക്കുമെന്നാണ് വിവരം. അസംസ്‌കൃത എണ്ണയുടെ ഉയര്‍ന്ന വിലനിലവാരവും മറ്റു സമ്മര്‍ദങ്ങളും മൂലം പണപ്പെരുപ്പ് നിരക്കിന്റെ പടിയിറക്കം തല്‍ക്കാലം പ്രതീക്ഷിക്കാനുമാവില്ല. ഈ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താനാണ് ഏതു കേന്ദ്ര ബാങ്കും താല്‍പര്യപ്പെടുക. എന്നാല്‍ ആ താല്‍പര്യത്തേക്കാള്‍ വലുതാണു കോവിഡ് വ്യാപനം സാമ്പത്തിക വളര്‍ച്ച തടസ്സപ്പെടുത്തിയേക്കുമോ എന്ന ആശങ്ക. അതുകൊണ്ടാണു നിരക്കുകളില്‍ തല്‍സ്ഥിതി തുടര്‍ന്നേക്കുമെന്നു സാമ്പത്തിക നിരീക്ഷകര്‍ പൊതുവേ പ്രതീക്ഷിക്കുന്നത്.
പലിശ നിരക്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍പ്പോലും മാറ്റം വരുത്താന്‍ ആര്‍ബിഐ തയാറാകില്ലെന്നു വിശ്വസിക്കുന്ന സാമ്പത്തിക നിരീക്ഷകരും കുറവല്ല. കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള വാക്‌സീന്‍ പ്രയോഗം സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കിയതാണു പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണം എന്നതാണു രസകരമായ വസ്തുത. പണപ്പെരുപ്പ് നിരക്കിലെ ഉയര്‍ച്ചയാകട്ടെ സാമ്പത്തിക വളര്‍ച്ചയ്ക്കു വെല്ലുവിളിയാകുകയും ചെയ്യുന്നു.ജനുവരിയില്‍ 4.1 ശതമാനം മാത്രമായിരുന്നു ഉപഭോക്തൃ വിലസൂചിയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. എന്നാല്‍ ഫെബ്രുവരിയില്‍ ഈ നിരക്ക് 5 ശതമാനം വര്‍ധിച്ചു. മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിരക്ക് 5 ശതമാനത്തിന് അടുത്ത് എത്തിയിരിക്കാം എന്നാണ് അനുമാനം. ആര്‍ബിഐ പണനയ സമിതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന യോഗത്തിലും പലിശ നിരക്കുകളില്‍ മാറ്റം ശുപാര്‍ശ ചെയ്യുകയുണ്ടായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാനം യോഗം നടന്നത്.ഈ സാമ്പത്തിക വര്‍ഷം പണ നയ സമിതി ആറു തവണ യോഗം ചേരുന്നുണ്ട്. ഈ മാസം അഞ്ചു മുതല്‍ ഏഴു വരെ ആദ്യ യോഗം. ജൂണ്‍ 2, 3, 4 തീയതികളിലാണ് അടുത്ത യോഗം. മൂന്നാമത്തെ യോഗം ഓഗസ്റ്റ് നാലു മുതല്‍ ആറു വരെ. ഒക്ടോബര്‍ 6, 7, 8 തീയതികളിലാണു നാലാമത്തെ യോഗം. അഞ്ചാം യോഗം ഡിസംബര്‍ ആറു മുതല്‍ എട്ടു വരെ. 2022 ഫെബ്രുവരി ഏഴു മുതല്‍ ഒന്‍പതു വരെയാണ് ഈ സാമ്പത്തിക വര്‍ഷത്തെ അവസാന യോഗം. ഒരു വര്‍ഷം നാലു തവണയെങ്കിലും യോഗം ചേര്‍ന്നിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമം അനുശാസിക്കുന്നത്