വഴിയരികിൽ നിന്നും എട്ടാം ക്ലാസുകാരന് കിട്ടിയത് 60 ദശലക്ഷം വർഷം പഴക്കമുള്ള ഒരു പല്ല്

ഡെൻവർ : ആരുടെയെങ്കിലും കയ്യിൽ നിന്നും കളഞ്ഞു പോയ ഒരു നാണയം, ഒരു പേന, അല്ലെങ്കിൽ ഏതെങ്കിലും പക്ഷി കൊഴിച്ചിട്ട ഒരു തൂവൽ അങ്ങനെ പലതും കാൽനടയാത്രയ്ക്കിടെ വഴിയിൽ നിന്നും നമ്മളിൽ പലർക്കും കിട്ടിക്കാണും . എന്നാൽ അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ ബോൾഡർ കൗണ്ടിയിലെ ഒരു എട്ടാം ക്ലാസുകാരന് 2021 മാർച്ച് മാസം ഒടുവിൽ കാൽനടയാത്രയ്ക്കിടെ കിട്ടിയത് തീർത്തും അപരിചിതമായ ഒരു വസ്തുവായിരുന്നു, 60 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു ദിനോസറിൻ്റെ പല്ല്.

ജോനാഥൻ ചാർപന്റിയർ എന്ന എട്ടാം ക്ലാസുകാരനാണ് ‘ടെറനോസോറസ് റെക്സി’ന്റെ ഒരു പല്ല് കിട്ടിയത്.

“ഞാൻ അങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല, തിളക്കമുള്ളതായിരുന്നതിനാൽ ഞാനത് പെട്ടന്ന് ശ്രദ്ധിച്ചു. അത് ഞാനെടുത്തു. പക്ഷേ, അത് ഒരു ദിനോസർ പല്ലായിരിക്കുമെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ഞാൻ വീട്ടിലെത്തി കഴുകിയപ്പോൾ, അത് ഒരു പാറയല്ല, മറിച്ച് മറ്റെന്തോ ആണെന്ന് മനസ്സിലായി. എന്തായാലും കളഞ്ഞു കിട്ടിയ അപൂർവ വസ്തുവിനെ കുറിച്ച് ഡെൻവറിലെ മ്യൂസിയം ഓഫ് നേച്ചർ ആന്റ് സയൻസിന് ഞാൻ ഒരു ഇമെയിൽ അയച്ചു. അതിനെക്കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാമല്ലോ എന്നു കരുതി ” ജൊനാഥൻ പറഞ്ഞു.

മൂസിയം അധികൃതരാണ് ദിനോസറുകളിലെ ഭീമൻ മാംസ ബുക്കുകളായ ടെറാനോസോറസ് റക്സിന്റെ പല്ലാണതെന്ന് കണ്ടെത്തിയത്.

60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് വസിച്ചിരുന്ന ടി-റെക്സിൻ്റെ പല്ലാണ് തനിക്കു കിട്ടിയത് എന്ന് സ്ഥിരീകരിച്ച മ്യൂസിയത്തിന് ജൊനാഥൻ അതു നൽകി.

കൊളറാഡോ സംസ്ഥാനം ആകെയും ബോൾഡർ കൗണ്ടി പ്രദേശം പ്രത്യേകിച്ചും ടി-റെക്സുകൾ ധാരാളമായി വിഹരിച്ചിരുന്ന പ്രദേശമാണെന്നും ജൊനാഥന്റെ കണ്ടെത്തൽ ഈ പ്രദേശത്ത് പുതിയ ഗവേഷണങ്ങൾക്ക് കാരണമാകുമെന്നും ദിനോസർ ക്യൂറേറ്റർ ജോ സെർട്ടിച് പറഞ്ഞു.

“ ഞങ്ങൾ ഈ പ്രദേശത്തേക്ക് തിരിച്ചുപോകാൻ പോകുന്നു, ഒരുപക്ഷേ ജോനാഥനോടൊപ്പം ഞങ്ങൾ കൂടുതൽ അസ്ഥികൾ ശേഖരിക്കാൻ പോകുന്നു, കൂടാതെ കൂടുതൽ ടി-റെക്സ് ഫോസിലുകളെ കുഴിച്ചെടുക്കാനും.. ” സെർട്ടിച് പറഞ്ഞു.

ദിനോസർ ശേഷിപ്പ് കണ്ടുപിടിച്ച ഒരേയൊരു കുട്ടി ചാർപന്റിയർ അല്ല, 2021 ജനുവരിയിൽ, സൗത്ത് വെയിൽസിലെ ഒരു കടൽത്തീരത്ത് നടക്കുമ്പോൾ 220 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ ഒരു നാല് വയസുകാരി കണ്ടെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം