ഇറാഖിൽ ജനിച്ച ആൺകുഞ്ഞിന് മൂന്ന് ജനനേന്ദ്രിയങ്ങൾ, വൈദ്യശാസ്ത്ര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ സംഭവമെന്ന് മെഡിക്കൽ ജേണൽ

ബാഗ്ദാദ്: ഇറാഖിൽ ജനിച്ച ആൺകുട്ടിക്ക് മൂന്ന് ജനനേന്ദ്രിയങ്ങൾ. ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് ഇന്റർനാഷണൽ ജേണൽ ഓഫ് സർജറി കേസ് റിപ്പോർടും പ്രസിദ്ധീകരിച്ചു.

ഇറാഖിലെ ദുഹോക്കിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വൃഷ്ണസഞ്ചിയിൽ വീക്കം ഉള്ളതിനാൽ മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ കുഞ്ഞിന് രണ്ട് ജനനേന്ദ്രിയങ്ങൾ കൂടി വളർന്നു വന്നിട്ടുണ്ടെന്ന് മനസ്സിലായി. ഒരെണ്ണം യഥാർത്ഥ ജനനേന്ദ്രിയത്തിന്റെ തുടക്കഭാഗത്തു തന്നെയായിരുന്നു. മറ്റൊന്ന് വൃഷ്ണങ്ങളുടെ കീഴിൽ സ്ഥിതിചെയ്തിരുന്നു.

അധിക ജനനേന്ദ്രിയങ്ങളിൽ മൂത്രനാളി ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനാൽ അവ രണ്ടും ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.

ഡോ.ഷക്കീർ സലീം ജബാലി, ഡോ.അയദ് അഹമ്മദ് മുഹമ്മദ് എന്നിവരാണ് ഇന്റർനാഷണൽ ജേണൽ ഓഫ് സർജറിയിൽ ഇതേ കുറിച്ച് പ്രബന്ധം എഴുതിയത്.
“ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത അവസ്ഥയാണ് ട്രിഫാലിയ (മൂന്ന് ലിംഗാഗ്രങ്ങൾ). ഇത് ഓരോ 5-6 ദശലക്ഷം ജനനങ്ങളിൽ ഒന്നായാണ് കാണപ്പെടുന്നത്. ഞങ്ങളുടെ അറിവനുസരിച്ച്, മൂന്ന് ലിംഗങ്ങളോ ട്രിഫാലിയയോ ഉള്ള ആദ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസാണിത്,” പഠനം പറയുന്നു.

ഈ കേസ് ട്രിഫാലിയയുടെ ആദ്യത്തെ കേസായി കണക്കാക്കപ്പെടുന്നു. ഡെയ്‌ലി മെയിൽ റിപ്പോർട്ടനുസരിച്ച് സമാനമായ ഒരു കേസ് 2015 ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് ഒരു മെഡിക്കൽ ജേണലിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, അതിനെ ആദ്യ കേസായി പരിഗണിക്കുന്നില്ല.

Share
അഭിപ്രായം എഴുതാം