ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി കോവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല. മറ്റുവിഭാഗത്തിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുളള അവസരങ്ങള്‍ക്കായിട്ടാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ മതിയായ സമയം ലഭിച്ചിരുന്നതായും ഈ വിഭാഗത്തിലുളളവര്‍ക്കായിരുന്നു പ്രഥമ പരിഗണനയെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
എന്നാല്‍ ഈ വിഭാഗത്തില്‍ ചിലര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പേര് രജിസ്റ്റര്‍ ചെയ്യുന്നതായും വാക്‌സിന്‍ എടുക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 45 വയസിന് മുകളിലുളളവരുടെ രജിസ്‌ട്രേഷന്‍ കോവിന്‍ വെബ്‌സൈറ്റില്‍ നടന്നുവരികയാണെന്നും ഇതുവരെ രജിസറ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ എത്രയും വേഗം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021 ജനുവരിയില്‍ രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ ചില ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് മറ്റൊരവസരം ലഭിക്കില്ലെന്നും കുത്തിവയ്പ്പ് നടത്താനും അവരോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു വാക്‌സിനേഷന്‍ നടത്തുന്നതില്‍ പ്രഥമ പരിഗണന നല്‍ല്‍കിയത്.