പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെപിസിസി നിര്‍വാഹക സമിതി അംഗവും യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനുമായ എ രാമസ്വാമി രാജി വച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. പാര്‍ട്ടിയില്‍ താന്‍ നിരന്തരമായി അവഗണന നേരിട്ടതായി രാമസ്വാമി പറഞ്ഞു. ഷാഫിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുളളുവെന്നും ഷാഫി മാറുന്നില്ലെങ്കില്‍ തന്നെ നെന്മാറയില്‍ പരിണിക്കാമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ലെന്ന് രാമസ്വാമി പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസിസി നേതൃത്വത്തിനെതിരെയും ഷാഫി പറമ്പിലിനിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ബാഹ്യ ശക്തികളാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും രാഹുല്‍ ഗാന്ധിയുടെ പര്യടനം പരാജയമായിരുന്നെന്നും ഷാഫിയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങള്‍ ഉള്‍പ്പെടെ ഒന്നും തന്നെ അറിയിക്കാറില്ലെന്നും , പാര്‍ട്ടിയില്‍ താന്‍ കടുത്ത അവഗണന നേരിട്ടതായും രാമസ്വാമി ആരോപിച്ചു. പണം വാങ്ങിയാണ് നെന്മാറ സീറ്റ് ഘടക കക്ഷികള്‍ക്ക് കൊടുത്തതെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി.

പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഇത്തവണ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനല്‍ക്കുകയായിരുന്ന രാമസ്വാമിയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടയുളള നേതാക്കള്‍ കണ്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു പരിപാടികളില്‍ പങ്കെടുത്തുവരവെയാണ് പാര്‍ട്ടിവിടുന്നുവെന്ന നാടകീയ പ്രഖ്യാപനം ഉണ്ടായതും തുടര്‍ന്ന് യാക്കരയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ചുനടന്ന പരിപാടിയില്‍ പങ്കെടുത്തതും.

Share
അഭിപ്രായം എഴുതാം