ഭുവനേശ്വര്‍: ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയില്‍ ബൈക്കിന്റെ പിന്‍ സീറ്റില്‍ സഞ്ചരിക്കവേ ഹെല്‍മെറ്റ് ധരിക്കാത്തതിനു പൂര്‍ണഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍നടത്തിച്ച വനിതാ എസ്.ഐക്കു സസ്പെന്‍ഷന്‍. ശരത് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള റീന ഭക്സലിനെതിരേയാണു നടപടി. എട്ടുമാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവ് ബിക്രം ബിരുലിയുമൊത്ത് ബൈക്കില്‍ വൈദ്യപരിശോധനയ്ക്കായി പോകുമ്പോഴായിരുന്നു സംഭവം. വഴിയില്‍ പോലീസ് തടഞ്ഞു. ബിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും പിന്‍സീറ്റിലിരുന്ന ഭാര്യക്കു ഹെല്‍മെറ്റ് ഉണ്ടായിരുന്നില്ല. ഇതോടെ പോലീസ് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും ഓണ്‍ലൈനായി ആര്‍.ടി.ഒയില്‍ അടയ്ക്കാമെന്നും ബിക്രം പറഞ്ഞു. എന്നാല്‍, എസ്.ഐ ഭാര്യയെ നടുറോഡില്‍ നിര്‍ത്തി, ബിക്രമിനെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ബിക്രമിനെ ലോക്കപ്പിലിട്ടു. മണിക്കൂറുകളോളം വഴിയില്‍ ഭര്‍ത്താവിനെ കാത്തുനിന്ന യുവതി ഒടുവില്‍ നിറവയറുമായി പോലീസ് സ്റ്റേഷനിലേക്കു മൂന്ന് കിലോമീറ്റര്‍ നടന്നു. ദമ്പതികളുടെ പരാതിപ്രകാരം, മയൂര്‍ഭഞ്ജ് എസ്.പി. പ്രാഥമികാന്വേഷണം നടത്തി എസ്.ഐയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഹെല്‍മെറ്റ് ധരിക്കാത്തതിനു പൂര്‍ണഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ചു: വനിതാ എസ്.ഐക്കു സസ്പെന്‍ഷന്‍
