രാഹുലിനെതിരായ അധിക്ഷേപം; ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ എംപി ജോര്‍ജ് ജോയിസിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയെ മാത്രമല്ല സ്ത്രീകളെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ് ജോയ്‌സ് ജോര്‍ജെന്നും ഇത്തരമൊരു വിവാദ പരാമര്‍ശത്തോട് കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണെന്നും ചെന്നിത്തല 30/03/21 ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു.

“സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി രാഹുല്‍ ഗാന്ധിയെ അപമാനിച്ച മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണം. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുമായി ഇടപഴകുന്നത് സംബന്ധിച്ച് ജോയ്‌സ് ജോര്‍ജ് നടത്തിയ അശ്ലീല പരാമര്‍ശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരുന്ന് ഈ പരാമര്‍ശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ജനങ്ങളോട് ഇടപഴകിയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണ്. വനിതാ കോളജിലെ ചടങ്ങുകളില്‍ ആയോധനകല പഠിപ്പിച്ചുതരാന്‍ പറയുന്ന കുട്ടികള്‍ക്ക് അതിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു നല്‍കുന്നത് ഒരു നേതാവ് എപ്രകാരം ജനങ്ങളുമായി ഇടപഴകണം എന്നതിന്റെ ഉദാഹരണങ്ങളാണ്.” ചെന്നിത്തല പറഞ്ഞു

Share
അഭിപ്രായം എഴുതാം