ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനി സ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ഡി.എം.കെ എം.പി എ. രാജ ക്ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പളനിസ്വാമി രാജയുടെ പ്രസ്താവനയെ ചൊല്ലി വിങ്ങിപൊട്ടിയിരുന്നു. അത് വേദനിപ്പിച്ചതായും വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയതെന്നും രാഷ്ട്രീയ ജീവിതത്തെ താരതമ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും എ. രാജ 29/03/21 തിങ്കളാഴ്ച പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന എ. രാജയുടെ പ്രസ്താവനയാണ് വിവാദമായത്. നിയമാനുസൃതമായി പിറന്ന പൂർണ പക്വതയെത്തിയ കുഞ്ഞെന്ന് സ്റ്റാലിനെ വിളിച്ചപ്പോൾ ‘അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ്’ എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്. തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇ.പി.എസ് വിങ്ങിപൊട്ടിയിരുന്നു.
സംഭവത്തിൽ ചെന്നൈ സെന്‍ട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രാജക്കെതിരെ കേസെടുത്തിരുന്നു. എ.ഐ.എ.ഡി.എം.കെ ചീഫ് ഇലക്ടറൽ ഓഫിസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എ. രാജയുടെ വിവാദ പ്രസംഗത്തെ തുടർന്ന് എ.ഐ.ഡി.എം.കെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡി. രാജയുടെ കോലം കത്തിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.

