കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയ്ക്ക് കിരീടം. 27/03/21 ശനിയാഴ്ച നടന്ന അവസാന മത്സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്താണ് ഗോകുലം കേരള എഫ് സി നേട്ടത്തിലേക്കെത്തിയത്. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണിത്.
പതിനഞ്ച് കളിയില്‍ 29 പോയിന്റുമായിട്ടാണ് ഗോകുലം ചാമ്പ്യന്മാരായത്. പതിനഞ്ച് കളികളില്‍ ഒമ്പതെണ്ണം നേടിയ ഗോഗുലം നാലെണ്ണത്തില്‍ തോല്‍വി സമ്മതിച്ചു. രണ്ടെണ്ണം സമനിലയിലുമായിരുന്നു. മുപ്പത് ഗോളില്‍ പതിനേഴെണ്ണം വഴങ്ങി.
ഏഴുമിനുട്ടില്‍ മൂന്ന് ഗോള്‍ നേടി മിന്നല്‍ പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. ഇരുപത്തിനാലാം മിനുട്ടില്‍ ബിദ്യാസാഗര്‍ സിങിന്റെ ഗോളോടെ ട്രാവു പിടിച്ചുനിന്നെങ്കിലും എഴുപതാം മിനുട്ടില്‍ ഗോകുലത്തിന്റെ തിരിച്ചടിയുണ്ടായി.
ഫ്രീകിക്കിലൂടെ ഷെരീഫ് തുടക്കം കുറിച്ച തേരോട്ടത്തിന് നാലുമിനുട്ടില്‍ എമില്‍ ബെന്നി ഏറ്റെടുത്ത് ലീഡുറപ്പിച്ചു. ഡെന്നീസ് അഗ്യാരയുടെ മൂന്നാം ഗോള്‍ തൊട്ടുടനെത്തി. മത്സരത്തിന്റെ അവസാനസെക്കന്റുകളില്‍ വീണ്ടും ഞെട്ടിച്ച് ഗോകുലം കിരീടമുറപ്പിച്ചു. മുഹമ്മദ് റാഷിദാണ് ഇക്കുറി ഗോള്‍വല ചലിപ്പിച്ചത്.
ശനിയാഴ്ച തന്നെ നടന്ന മറ്റൊരു മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചര്‍ച്ചില്‍ ബ്രദേഴ്‌സ് വീഴ്ത്തി 29 പോയിന്റുകള്‍ത്തന്നെ നേടിയെങ്കിലും ഗോള്‍നിലയില്‍ മുന്നില്‍നിന്നത് ഗോകുലമാണ്. ഇതാണ് കിരീടത്തിലേക്ക് നയിച്ചതും.