ന്യൂഡൽഹി: 27/03/21 ശനിയാഴ്ച നടന്ന ആദ്യ ഘട്ട പോളിംഗിൽ പശ്ചിമ ബംഗാളിൽ 82 ശതമാനവും അസമിൽ 76.9 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. രണ്ടിടത്തും ജനവിധി തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് ബിജെപി, തൃണമുള്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ആവകാശവാദം.
വോട്ടെടുപ്പ് നടന്ന 30 മണ്ഡലങ്ങളില്‍ 27 മണ്ഡലവും തൃണമൂലിന്റെ സിറ്റിംഗ് സീറ്റുകളാണ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ ബംഗാളില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുരളിയയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ എത്തിച്ച ബസ് രാവിലെ അജ്ഞാതര്‍ അഗ്നിക്കിരയാക്കി. സത്സത് മാളില്‍ ഉണ്ടായ വെടിവയ്പില്‍ രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു.
സല്‍മോനി നിയോജക മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് നേരെയും ആക്രമണം ഉണ്ടായി. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിക്ക് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. കാന്തി മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് തന്നെ തടഞ്ഞതായാണ് സൗമേന്ദുവിന്റെ പരാതി.
എന്നാല്‍ മിഡ്‌നാപൂര്‍ അടക്കമുള്ള ജില്ലകളില്‍ ബിജെപി ബൂത്ത് കൈയറ്റം അടക്കം നടത്തിയതായി തൃണമുല്‍ കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചു. പ്രധാന മന്ത്രി ബംഗ്ലാദേശിലെ മദുവ സമുദായാംഗങ്ങളെ കണ്ടതും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പാര്‍ട്ടി നിലപാട്.