ഇരട്ട വോട്ട് വിവാദം, തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, പരാതിയുമായി എഐസിസിയും

കൊച്ചി: ഇരട്ട വോട്ട് പ്രശ്നത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് 26/03/21 വെളളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടിയത്. 29/03/21 തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനാണ് നിര്‍ദ്ദേശം.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന തിങ്കളാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

വോട്ടര്‍ പട്ടികയില്‍ ആയിരക്കണക്കിന് വ്യാജ വോട്ടുകളാണ് സിപിഐഎം അനുഭാവ സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് ചേര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മഷി മായ്ക്കാന്‍ ഉള്ള രാസവസ്തുക്കള്‍ സിപിഐഎം വ്യാപകമായി വിതരണം ചെയ്യുകയാണ്. ശാസ്ത്രീയ സ്വഭാവത്തിലുള്ള കള്ളവോട്ടിനാണ് ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു.

ക്രമക്കേടില്‍ പങ്കുള്ളതുകൊണ്ടാണ് സിപിഐഎം ഇരട്ട വോട്ടുകളെ ലാഘവബുദ്ധിയോടു കൂടി കാണുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം