സംസ്ഥാനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം, കൂടുതല്‍ പിഴ ഈടാക്കാം; കൊവിഡില്‍ ഒരുമാസത്തേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കൈമാറിയത്. അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്നു കേന്ദ്ര നിര്‍ദേശത്തിലുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര നിര്‍ദേശത്തിലുണ്ട്. കോവിഡ് പരിശോധനയ്ക്കു കൂടുതലായി ആര്‍.ടി-പി.സി.ആര്‍. പരിശോധനയെ ആശ്രയിക്കണം. വാക്സിനേഷന്റെ വേഗംകൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍നിന്നു കൂടുതല്‍ പിഴ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടാകും. മാസ്‌ക് ധരിക്കുന്നതിലെ വീഴ്ച, സാമൂഹിക അകലം പാലിക്കുന്നതിലെ അശ്രദ്ധ, തൊഴിലിടങ്ങളിലെ കോവിഡ് ചട്ടലംഘനം എന്നിവയ്ക്കു കൂടുതല്‍ പിഴ ഈടാക്കാം.

സംസ്ഥാനങ്ങള്‍ക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാര്‍ഡ് തലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകണം ഇത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കു പുറത്ത് സ്ഥാപനങ്ങള്‍ക്ക് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം. സ്‌കൂളുകള്‍, കോളജുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, പാര്‍ക്കുകള്‍, യോഗാ കേന്ദ്രങ്ങള്‍, ജിമ്മുകള്‍ എന്നിവയ്ക്കു തടസമുണ്ടാകില്ല. ട്രെയിന്‍- വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ടാകില്ല. ജനങ്ങള്‍ അന്തര്‍സംസ്ഥാന യാത്രകള്‍ നടത്തുന്നതോ സാധനസാമഗ്രികള്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല. മറ്റുപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →