കൊച്ചി: സണ്ണി വെയ്നും മഞ്ജുവാര്യരും നായികാനായകന്മാരാവുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം റിലീസിനൊരുങ്ങുന്നു. ഈ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോസ്റ്റർ ഇറങ്ങിയതിനു പിന്നാലെ എന്താണ് ടെക്നോ ഹൊറർ എന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ആധുനിക ശാസ്ത്രവും ടെക്നോളജിയും ആയി അവതരിക്കപ്പെടുന്ന സിനിമകളുടെ പട്ടികയിൽ വരുന്നതാണ് ടെക്നോ ഹൊറർ. പ്രധാനമായും ഹോളിവുഡ്, ജപ്പാനീസ് ഫിലിം മേക്കേഴ്സാണ് ഇത്തരത്തിലുള്ള സിനിമകൾ എടുത്തിട്ടുള്ളത്.
സാധാരണ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ആവാഹനമോ ഒന്നുമില്ലാതെ ഒരുക്കുന്ന ചതുർമുഖം ഭയപ്പെടുത്തുന്ന സിനിമകൾ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും. തേജസ്വിനി ആയി മഞ്ജുവും, ആൻറണിയായി സണ്ണിയും, ക്ലെമൻറ് ആയി അലൻസിയറും എത്തുന്ന ഈ സിനിമയുടെ കഥ. കോളേജ് മേറ്റ്സായ തേജസ്വിനിയും ആൻറണിയും ഇപ്പോൾ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയേഡ് അഗ്രികൾച്ചറൽ കോളേജ് അധ്യാപകനായ ക്ലെമെന്റ് കടന്നുവരാൻ ഉണ്ടാവുന്ന ഒരു അസാധാരണ സാഹചര്യവും അതിൻറെ തുടർച്ചയായുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയിൽ പ്രതിപാദിക്കുന്നത്.
സിനിമയുടെ പേര് പോലെ തന്നെ ഈ മൂന്നു മുഖങ്ങൾ കൂടാതെ നാലാമതൊരു മുഖം കൂടി ഈ സിനിമയിലുണ്ട്. അതൊരു രൂപം ആകാം . വസ്തു ആകാം . വ്യക്തി ആവാം. നിഗൂഢത നിറഞ്ഞ പേരുപോലെതന്നെ ചതുർമുഖത്തിലെ വില്ലൻ അഥവാ പ്രേതം ആരാണെന്ന കാര്യവും ഇതുവരെ വെളിവാക്കപെട്ടിട്ടില്ല. എല്ലാം ഒരു സസ്പെൻസ് ആയി ഇരിക്കട്ടെ എന്നാണ് അണിയറക്കാർ പറയുന്നത്.
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, ജ റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ , കലാഭവൻ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
മഞ്ജുവാര്യരുടെ ഇതുവരെ കാണാത്ത ആക്ഷൻസ് സ്ക്വിൻസ് ഹൈലൈറ്റ് ചെയ്ത് കൊണ്ട് അഞ്ചര കോടി മുതൽമുടക്കിൽ വിഷ്വൽ ഗ്രാഫിക്സും സൗണ്ട് ഡിസൈനിങ്ങിനും പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന സിനിമയാണ്.
ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസും ഒത്ത് ചേർന്ന് ജീസ് ടോംസും ജസ്റ്റിൻ തോമസും നിർമ്മിക്കുന്ന ഈ ചിത്രം നവാഗതരായ രഞ്ജിത്ത് കമല ശങ്കർ , സലീൽ വി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാല്മീകം, എന്നീ ചിത്രങ്ങളുടെ സാഹരചയിതാക്കളായ അഭയകുമാർ കെ , അനിൽ കുര്യൻ എന്നിവർ എഴുതിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്.