കേസെടുക്കലും വിരട്ടലുമെല്ലാം അങ്ങ് വടക്കേ ഇന്ത്യയിൽ മതിയെന്ന് തോമസ് ഐസക് , പ്രതികരണം കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നോട്ടിസുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നോട്ടിസുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതികരണവുമായി ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന സർക്കാരിനെ നോട്ടിസ് കാണിച്ച് വിരട്ടാൻ നോക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. കേസെടുക്കലും വിരട്ടലുമെല്ലാം അങ്ങ് വടക്കേ ഇന്ത്യയിൽ മതി. ഇങ്ങോട്ട് കേസെടുത്താൽ അങ്ങോട്ടും കേസെടുക്കുമെന്നും മന്ത്രി 20/03/21 ശനിയാഴ്ച വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് കൈറ്റിന് നോട്ടിസ് അയച്ചിരുന്നു. കിഫ്ബിക്ക് മേൽ ഇ.ഡി നടത്തുന്ന അന്വേഷണങ്ങളെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് കൂടി കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നോട്ടിസുമായി രംഗത്തെത്തിയത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരള ഇൻഫ്രാസ്ട്രാക്ടർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷനിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നോട്ടിസിലുള്ള നിർദേശം. അഞ്ച് വർഷത്തിനിടെ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ വിശദാംശങ്ങളും നൽകണം. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാനും നോട്ടിസിൽ പറയുന്നുണ്ട്. കിഫ്ബി വഴി പദ്ധതികൾ നടപ്പാക്കിയ ഓരോ വകുപ്പുകളിലേക്കും നോട്ടിസ് നൽകുന്നതിന്റെ ഭാഗമായാണ് കൈറ്റിന് ആദായനികുതി വകുപ്പ് നോട്ടിസ് നൽകിയത്.

Share
അഭിപ്രായം എഴുതാം