അയിലൂർ : ഒരാഴ്ചയ്ക്കു ശേഷം വീണ്ടും നെന്മാറയ്ക്കടുത്ത് മരുതഞ്ചേരിയിൽ പുലിയിറങ്ങി പട്ടിയെ കടിച്ചുകൊന്നു. കല്യാണക്കണ്ടം വീട്ടിൽ കെ.ശ്രീജിത്തിന്റെ വീട്ടിൽ കെട്ടിയിട്ട പട്ടിയെയാണു കൊന്നത്. 18/03/21 വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചു ഭൂസംരക്ഷണ സമിതി പ്രവർത്തകർ പട്ടിയുടെ ജഡവുമായി 18/03/21 വ്യാഴാഴ്ച നെന്മാറ ഡി.എഫ്.ഒ ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി.
വ്യാഴാഴ്ച രാവിലെ പട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ പുലിയുടെ കാൽപാദം പതിഞ്ഞ പ്രദേശങ്ങൾ കണ്ടു. തുടർന്നു നടത്തിയ തിരച്ചിലിൽ പട്ടിയുടെ ജഡം കൽച്ചാടി പുഴയോരത്തുള്ള തോട്ടത്തിൽ നിന്നു കണ്ടെത്തി. പുലർച്ചെ പ്രദേശത്തെ വീടുകളിലെ പട്ടികൾ നിർത്താതെ കുരച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു.ഒരാഴ്ച മുൻപും പ്രദേശത്തു സമാന സംഭവമുണ്ടായിരുന്നു.