പുതുച്ചേരി : മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റ് നൽകാതെ പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പ്രധാനപ്പെട്ട 14 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് 16/03/21 ചൊവ്വാഴ്ച പുറത്തിറക്കിയത്. നാരായണ സ്വാമിയെ ഒഴിവാക്കി കൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ പുതുച്ചേരി കോണ്‍ഗ്രസില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാരായണ സ്വാമി മത്സരിക്കുന്നില്ലെന്നാണ് സംഭവത്തില്‍ പുതുച്ചേരിയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവു അറിയിച്ചത്.
പുതുച്ചേരി സര്‍ക്കാരിനെതിരെയുള്ള ബിജെപി അട്ടിമറി നീക്കങ്ങള്‍ തടയാന്‍ നാരായണ സ്വാമിക്ക് കഴിഞ്ഞില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ച് ഹൈക്കമാന്റിന് പരാതി നല്‍കുകയുമുണ്ടായി. പിന്നാലെയാണ് ഹൈക്കമാന്റിന്റെ അപ്രതീക്ഷിത നീക്കം.