തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയതിന് പിന്നാലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍. “കേരളത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ കാലം കഴിഞ്ഞു. അക്രമവും കാപട്യവും ഇനി അവരെ സഹായിക്കില്ല” ബിപ്ലബ് കുമാര്‍ ദേബ് 16/03/21 ചൊവ്വാഴ്ച തിരുവനന്തപുരത്ത് പറഞ്ഞു.
“കേരളത്തിലെ അസഹിഷ്ണുതയും അക്രമോത്സുകതയുമുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെ കാലം കഴിഞ്ഞു. അക്രമവും കാപട്യവും ഇനി അവരെ സഹായിക്കില്ല. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി ക്രാന്ത ദര്‍ശിയായ മോദിയുടെ നേതൃത്വത്തെ തെരഞ്ഞെടുക്കണം. ഞാനിപ്പോള്‍ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലുണ്ട്. കേരളം ഇക്കുറി വികസനത്തിന് വോട്ട് ചെയ്യും,” ബിപ്ലബ് കുമാര്‍ദേബ് പറഞ്ഞു.
ത്രിപുരയിലെ ജനങ്ങള്‍ കിട്ടിയ അവസരത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചു. വ്യവസായം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലയില്‍ കേരളം ത്രിപുരയ്ക്ക് പിന്നിലാണെന്നും ബിപ്ലബ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.