സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചയുടൻ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ലതികാ സുഭാഷ് രാജിവെച്ചു, തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് പ്രതിഷേധം അറിയിച്ചത്. 14/03/21 ഞായറാഴ്ച വൈകിട്ടായിരുന്നു കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത നാടകീയ രംഗങ്ങൾക്ക് കെ പി സി സി ആസ്ഥാനം സാക്ഷിയായത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലതിക സുഭാഷ് രാജിവെച്ചത്.

“32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’’, ലതിക സുഭാഷ് പറഞ്ഞു.

താന്‍ തലമുണ്ഡനം ചെയ്യുന്നതില്‍ ഒരു പകുതി പിണറായി വിജയന്റെ സ്ത്രീവിരുദ്ധ നയങ്ങൾ, ഒപ്പം പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി എന്നിവര്‍ക്കെതിരെയുള്ള പ്രതിഷേധം എന്നിവയും മറുപകുതി കോണ്‍ഗ്രസ് സ്ത്രീകളെയും വ്യക്തികളായി കരുതണം എന്ന നിലപാട് വ്യക്തമാക്കികൊണ്ടും ആണെന്ന് ലതിക സുഭാഷ് പറഞ്ഞു.

പാര്‍ട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോണ്‍ഗ്രസ് പരിഗണിച്ചതേ ഇല്ല. ഒരു ജില്ലയില്‍ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് കിട്ടിയതില്‍ സന്തോഷിക്കുന്നെന്നും അവര്‍ പറഞ്ഞു.

ഏറ്റുമാനൂര്‍ സീറ്റ് താന്‍ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതല്‍ ഈ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ എംഎല്‍എമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും താന്‍ തഴയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം