റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും തിരഞ്ഞെടുപ്പ് പരസ്യം നല്‍കുമ്പോള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ സമിതിയുടെ അംഗീകാരം ഉറപ്പാക്കണം

March 11, 2021 - 8:39 pm

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്.എം. ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രിയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ് ,വോയിസ് മെസേജ് , ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി.) മുന്‍കൂര്‍ അംഗീകാരം നേടണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ തന്നെ നല്‍കണമെന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ബള്‍ക്ക് എസ്എംസ്സുകള്‍ക്കും വോയ്സ് മെസേജുകള്‍ക്കും പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സി.ഡി. പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം/ സംപ്രേഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്.

ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും.

അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ജില്ലാതല എംസിഎംസി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ അപേക്ഷകര്‍ക്ക് സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. അംഗീകാരമില്ലാത്ത ഒരു പരസ്യവും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *