എസ് എസ് എൽ സി പരീക്ഷ: ചോദ്യപേപ്പറുകൾ എത്തി; കര്‍ശന സുരക്ഷിതത്ത്വത്തില്‍ സൂക്ഷിക്കും

ആലപ്പുഴ: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി. ഇത് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷയുടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കളക്ട്രേറ്റില്‍  ചേര്‍ന്നു. ജില്ലയിലെ നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നായി ആകെ 22083 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിൽ 6458 പേരും 
മാവേലിക്കരയില്‍ 7173 ഉം ചേർത്തലയില്‍ 6373 ഉം കുട്ടനാട് 2079 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് ഇരിക്കുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ നിന്നുമാണ്.  കുറവ് കുട്ടികൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ നിന്നും.  11585 ആൺകുട്ടികളും 10498 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.  ഇതിൽ പട്ടികജാതി വിഭാഗത്തിൽ ആകെ 1329 ആൺകുട്ടികളും 1215 പെൺകുട്ടികളും പരീക്ഷ എഴുതുന്നു.

പട്ടികവർഗ്ഗ വിഭാഗത്തിൽ 20 ആൺകുട്ടികളും 28 പെൺകുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ വിവിധ ട്രഷറികളിലും ബാങ്കുകളിലുമാണ് ചോദ്യപേപ്പർ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ആലപ്പുഴ ജില്ലയിൽ 21594 കുട്ടികളാണ് പരീക്ഷയെഴുതിയത്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും സൂപ്രണ്ടുമാർക്കും പ്രത്യേക പരിശീലനം നേരത്തെ പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍. ഷൈല യോഗത്തില്‍ പറഞ്ഞു. 
പരാതികൾക്ക് ഇടയില്ലാത്ത വിധം പരീക്ഷ നടത്തുന്നതിന് കർശനമായ നിർദ്ദേശം ജില്ല കളക്ടര്‍ നല്കി. പരീക്ഷാ സ്കോഡ്  ജോലിക്ക് സെക്രട്ടറിയേറ്റ് തലത്തിലും ജില്ലാ തലത്തിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ.  1. 40  മുതൽ 20 മിനിട്ട് കൂള്‍ ടൈം ആയിരിക്കും.  രണ്ടു മണിക്കാണ് പരീക്ഷ തുടങ്ങുന്നത്. മാർച്ച് 12, 13 തീയതികളിൽ ലോക്കറിൽ സൂക്ഷിക്കുന്ന ചോദ്യ  പേപ്പറുകളുടെ സോര്‍ട്ടിങ്  നടക്കും. 

199 സ്കൂളുകളാണ് പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. 15, 16 തീയതികളിൽ പരീക്ഷ നടക്കുന്ന സ്കൂളുകൾ കോവിഡ് മാനദണ്ഡപ്രകാരം വൃത്തിയാക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പിടിഎയുടെയും മറ്റും സഹകരണം തേടും. പരീക്ഷ തീരുന്ന അതത് ദിവസം ഉത്തരക്കടലാസുകള്‍ ശേഖരിച്ച് പോസ്റ്റ് ഓഫീസുകളിൽ എത്തിക്കും. ഇതിനായി വൈകിയും പോസ്റ്റ് ഓഫീസില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ ചോദ്യപ്പേപ്പറുകളുടെ നീക്കത്തിന് ആവശ്യമായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.  മാര്‍ച്ച് 17ന് പരീക്ഷ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ വരുത്തുന്നത്.

Share
അഭിപ്രായം എഴുതാം