25 ൽ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ, സീറ്റ് വിഭജനത്തിൽ തൃപ്തരെന്ന് കാനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്. ഇതില്‍ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ 09/03/21 ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ നാല് സ്ഥാനാര്‍ത്ഥികളെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കാനം പറഞ്ഞു.

കാഞ്ഞങ്ങാട്, നാദാപുരം, പട്ടാമ്പി, വൈക്കം, നെടുമങ്ങാട്, അടൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍, ചിറയന്‍കീഴ്, ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ചേര്‍ത്തല, മൂവാറ്റുപുഴ, തൃശൂര്‍, പീരുമേട്, മണ്ണാര്‍ക്കാട്, ഏറനാട്, മഞ്ചേരി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍, നാദാപുരം ഇ.കെ വിജയന്‍, പട്ടാമ്പി മുഹമ്മദ് മുഹ്സിന്‍, വൈക്കം സി.കെ ആശ, നെടുമങ്ങാട് ജി.ആര്‍ അനില്‍, അടൂര്‍ ചിറ്റയം ഗോപകുമാര്‍, കരുനാഗപ്പള്ളി ആര്‍.രാമചന്ദ്രന്‍, പുനലൂര്‍ പി.എസ് സുപാല്‍, ചിറയന്‍കീഴ് വി. ശശി, ഒല്ലൂര്‍ കെ. രാജന്‍, കൊടുങ്ങല്ലൂര്‍ വി.ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം ടൈസന്‍ മാസ്റ്റര്‍, ചേര്‍ത്തല പി.പ്രസാദ്, മൂവാറ്റുപുഴ എല്‍ദോ എബ്രഹാം എന്നിവർ മത്സരിക്കും. തൃശൂര്‍ പി.ബാലചന്ദ്രന്‍, പീരുമേട് വാഴൂര്‍ സോമന്‍, മണ്ണാര്‍ക്കാട് കെ.പി സുരേഷ് രാജ്, ഏറനാട് കെ.ടി അബ്ദുള്‍ റഹ്മാന്‍, മഞ്ചേരി ഡിബോണ നാസര്‍, തിരൂരങ്ങാടി അജിത് കൊളാടി എന്നിവരും സ്ഥാനാര്‍ത്ഥികളാകും.

പറവൂര്‍, ഹരിപ്പാട്, നാട്ടിക, ചടയമംഗലം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പിന്നീട് പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ 27 സീറ്റുകളിലായിരുന്നു സി.പി.ഐ മത്സരിച്ചത്. എല്‍.ഡി.എഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടി വന്നെന്നും സീറ്റ് വിഭജനത്തില്‍ സി.പി.ഐ തൃപ്തരാണെന്നും കാനം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →