തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. കളമശ്ശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദയ്ക്കെതിരെയും 09/03/21 ചൊവ്വാഴ്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പി രാജീവിനെതിരെ പോസ്റ്ററുകള്‍ പതിച്ചത്. പി രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദറെന്ന് പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. പാര്‍ട്ടി നടപടിക്ക് വിധേയനായ മുന്‍ ഏരിയാ സെക്രട്ടറിയാണ് സക്കീര്‍ ഹുസൈന്‍ എന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കെ ചന്ദ്രന്‍ പിള്ളക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് വ്യാപകമായി പോസ്റ്ററുകള്‍ വന്നിരുന്നു.
മഞ്ചേശ്വരത്ത് സി പി എം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ ആര്‍ ജയാനന്ദയ്‌ക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സി പി എം അനുഭാവികളുടെ പേരില്‍ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകള്‍. സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ചൊവ്വാഴ്ച ചേരുന്ന മണ്ഡലം കമിറ്റിയോഗത്തില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന് പാര്‍ടി അറിയിച്ചു
അതേസമയം, കുറ്റ്യാടിയിലും പൊന്നാനിയിലും റാന്നിയിലും അനുനയനീക്കവുമായി സി പി എം രംഗത്തെത്തി. പ്രതിഷേധ പ്രകടനം അച്ചടക്കലംഘനമെന്ന് കുറ്റ്യാടിയിലെ സി പി എം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി പ്രതികരിച്ചു.