‘തമ്പ്രാന്റെ മകനല്ല ചെത്തുതൊഴിലാളിയുടെ മകന്‍ ഇനിയും കേരളം ഭരിക്കണം’ചുവരെഴുത്തുമായി സിപിഎം

തൃശൂര്‍: തൃശൂര്‍ എം ജി റോഡില്‍ പ്രത്യക്ഷപ്പെട്ട ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണിത് :’തമ്പ്രാന്റെ മകനല്ല. ചെത്തുതൊഴിലാളിയുടെ മകന്‍ ഇനിയും കേരളം ഭരിക്കും. ഉറപ്പാണ്. എല്‍ഡിഎഫ് .അഭിമാനത്തോടെ പറയൂ’ ചുമരെഴുത്തുകാരന്‍.’ ഇത്തരത്തിലുളള ചുമരെഴുത്തുകള്‍ ഇനിയും കേരളം നിറയുമെന്നും കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും സിപിഎം നേതാക്കള്‍. കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ മുഖ്യമന്ത്രിക്കുനേരെ പലതവണ നടത്തിയ കുലത്തൊഴില്‍ പരാമര്‍ശം ചര്‍ച്ചയാക്കുക കൂടിയാണ് സിപിഎം ലക്ഷ്യം. പിണറായി തന്നെയാണ് സിപിഎമ്മിന്റെ താര പ്രചാരകനെന്ന് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് പരസ്യങ്ങളെല്ലാം. മുഖ്യമന്ത്രി ആയെങ്കിലും 2016ല്‍ സിപിഎംനെ തെരഞ്ഞെടുപ്പില്‍ നയിച്ചത് അന്ന് പ്രതിപക്ഷനേതാവായിരുന്ന വിഎസ് അച്യുതാനന്ദനായിരുന്നു.

സിപിഎമിന്റെ പ്രചരണം ഏത് ദിശയിലായിരിക്കുമെന്നതിന്റെ തെളിവാണ് ഈ ചുവരെഴുത്ത്.നാട്ടിലെ ചുമരുകളിലെല്ലാം വെളളപൂശല്‍ നടക്കുകയാണ്. പ്രഖ്യാപനം വരും മുമ്പ് ചുവരുകള്‍ ബുക്ക് ചെയ്യുകയാണുദ്ദേശം. ഈ ആഴ്ച പകുതിയോടെ മൂന്നുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വിവാദങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും മേല്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളും പിണറായിയുടെ ഭരണ മികവും അദ്ദേഹത്തിനെതിരെയുളള വേട്ടയാടലുമൊക്കായാരിക്കും സിപിഎം പ്രചരണ വിഷയമാക്കുക

Share
അഭിപ്രായം എഴുതാം