കൊല്ലം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള പ്രചരണ സാമഗ്രികള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും മുന്‍കൈയെടുക്കണം. പി. വി. സി ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, പുന:ചംക്രമണം സാധ്യമല്ലാത്ത ബാനറുകള്‍, ബോര്‍ഡുകള്‍ പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത് നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
കോട്ടണ്‍ തുണി, പുനരുപയോഗവും പുന:ചംക്രമണവും സാധ്യമായ പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ വസ്തുക്കളില്‍ ബാനറുകളും പോസ്റ്ററുകളും അച്ചടിക്കാം. പ്രചരണ സാമഗ്രികളില്‍ പുന:ചംക്രമണ യോഗ്യവും പി വി സി വിമുക്തവും എന്ന വാക്യം, ഉപയോഗ കാലപരിധി, അച്ചടിച്ച സ്ഥാപനത്തിന്റെ പ്രിന്റിംഗ് നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചേര്‍ത്തിരിക്കണം. ഉപയോഗശേഷം സാമഗ്രികളെല്ലാം രാഷ്ട്രീയ കക്ഷികളുടെ മേല്‍നോട്ടത്തില്‍ ഹരിത കര്‍മ്മ സേന വഴി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കാന്‍ പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിക്കാം. നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കും എന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.