കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവച്ച പാലാരിവട്ടം മേൽപാലം 07/03/21 ഞായറാഴ്ച വൈകുന്നേരം നാലിന് തുറക്കും. ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. തുടര്‍ന്ന് മന്ത്രി ജി. സുധാകരന് പാലം സന്ദര്‍ശിക്കും.
ഒരു നൂറ്റാണ്ടു കാലത്തെ ഈട് ഉറപ്പ് നൽകി ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം പുനർനിർമിച്ചത്.
47.70 കോടി രൂപ എസ്റ്റിമേറ്റിൽ നിർമിച്ച ആദ്യ പാലത്തിൽ വിള്ളലും തകർച്ചയും കണ്ടപ്പോൾ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലൻസ്, പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ, ഇ. ശ്രീധരന്റെ നേതൃത്വത്തിലെ സാങ്കേതിക വിദഗ്ധർ എന്നിവർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ഒരു കരാർ സംഘടനയും കരാറുകമ്പനിയും കേസ് നൽകിയെങ്കിലും അന്തിമ വിധി സർക്കാരിന് അനുകൂലമായിരുന്നു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന് നാണക്കേടുണ്ടാക്കിയ പദ്ധതി കൂടിയാണിത്.