ജനവാസ കേന്ദ്രത്തിലെ ശ്മശാന നിര്‍മ്മാണം . പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

കല്ലമ്പലം : മണമ്പൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെട്ട കണ്ണങ്കര ആലപ്പാട്ട് പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്മശാനം നിര്‍മ്മിക്കാനൊരുങ്ങുന്നതറിഞ്ഞ് നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ വ്യക്തിയുടെ ഭൂമി വിലക്കെടുത്ത് വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കാനൊരുങ്ങുന്ന ശ്മശാനം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണെന്ന് ആക്ഷേപമുണ്ട്. ഇതിരെതിരെ പ്രദേശവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്മശാന നിര്‍മ്മാണത്തിനെതിരെ ആരോഗ്യ വകുപ്പ് മന്ത്രി ,ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി,ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി കെടിസിടി ചെയര്‍മാന്‍ പിജെ നഹാസ് അറിയിച്ചു. കടുവയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ,ഡിവൈഎഫ് ഐ , യൂത്ത് കോണ്‍ഗ്രസ്, ബിജെപി വാര്‍ഡ് കമ്മറ്റി തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. സംഘടനകളും പൊതുജനങ്ങളും ചേര്‍ന്ന് ബ്ലോക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം