എ.വി. ഗോപിനാഥിന്റെ പരാതിയില്‍ രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ. സുധാകരന്‍, നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുമെന്ന് ഗോപിനാഥ്

പാലക്കാട്: കോൺഗ്രസ് പാർട്ടിയ്ക്കകത്ത് കലാപക്കൊടി ഉയർത്തിയ പാലക്കാട്ടെ മുതിര്‍ന്ന നേതാവ് എ.വി. ഗോപിനാഥിന്റെ പരാതിയില്‍ രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ. സുധാകരന്‍ എംപി ഉറപ്പ് നല്‍കി. ഗോപിനാഥ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചു കഴിഞ്ഞു. കെപിസിസി എടുക്കുന്ന തീരുമാനത്തിനൊപ്പം ഡിസിസി നേതൃത്വം ഉണ്ടാകുമെന്നും കെ. സുധാകരന്‍ 06/03/21 ശനിയാഴ്ച പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വം തയാറാകും. 07/03/21 ഞായറാഴ്ച കെപിസിസി നേതൃത്വം നേരിട്ട് ഗോപിനാഥുമായും മുതിര്‍ന്ന നേതാക്കളുമായും ബന്ധപ്പെടുമെന്നും കെ. സുധാകരന്‍ പറഞ്ഞു. അതേ സമയം, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുമെന്ന് എ.വി. ഗോപിനാഥ് അറിയിച്ചു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം