നന്ദിഗ്രാമം വജ്രായുധമാക്കി ബിജെപി: മമതയ്‌ക്കെതിരേ സുവേന്ദു അധികാരിയെ തന്നെ ഇറക്കും

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ എതിരാളിയായെത്തുന്നത് മുന്‍ വിശ്വസ്തനായ സുവേന്ദു അധികാരി തന്നെ. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി പാളയത്തിലെത്തിയസുവേന്ദുവിന്റേത് ഉള്‍പ്പെടെ 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ഇന്നലെ രാത്രിയേറെ നീണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സുവേന്ദു അധികാരി പങ്കെടുത്തിരുന്നു. നന്ദിഗ്രാമില്‍ മമതയെ 50,000 വോട്ടിനെങ്കിലും തോല്‍പ്പിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സുവേന്ദു അധികാരി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ആധിപത്യം തകര്‍ത്ത് നന്ദിഗ്രാമം തൃണമൂല്‍ വര്‍ഷങ്ങളായി കൈയടക്കിവച്ചിരുന്നത് സുവേന്ദുവിന്റെ കരുത്തിലായിരുന്നു.പത്തു വര്‍ഷം മുമ്പ് മമതയെയും തൃണമൂലിനെയും അധികാരത്തിലെത്താന്‍ സഹായിച്ച കര്‍ഷകമുന്നേറ്റത്തിന്റെ പ്രഭവകേന്ദ്രം എന്ന നിലയില്‍ നന്ദിഗ്രാമിനു ബംഗാള്‍ രാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ സ്ഥാനമാണുള്ളത്. എന്നാല്‍ തൃണമൂലിന് മേഖലയില്‍ കരുത്തുറ്റ അടിത്തറയുണ്ടാക്കാന്‍ അശ്രാന്തം പണിയെടുത്ത സുവേന്ദു അധികാരി ശത്രുപാളയത്തിലെത്തിയതാണ് പാര്‍ട്ടിനേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ കൃഷിപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ 2007ല്‍ നടന്ന പ്രക്ഷോഭത്തില്‍ 14 പേരാണ് മരിച്ചത്. 2011ല്‍ ഇതായിരുന്നു മമതയുടെ പ്രധാന പ്രചാരണായുധം. ജനുവരിയില്‍ നടന്ന റാലിയിലാണ് നന്ദിഗ്രാമില്‍ താന്‍ മത്സരിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. നന്ദിഗ്രാമം തന്റെ ഭാഗ്യസ്ഥലമാണെന്നും അവിടെ മത്സരിക്കുമെന്നുമാണു മമത പറഞ്ഞത്. പിന്നീട് ഇപ്പോഴത്തെ സീറ്റായ ഭവാനിപുര്‍ ഉപേക്ഷിക്കില്ലെന്നും മമത അറിയിക്കുകയായിരുന്നു. നന്ദിഗ്രാം എന്റെ മൂത്ത സഹോദരിയും ഭവാനിപുര്‍ ഇളയസഹോദരിയുമാണെന്നു മമത പറഞ്ഞിരുന്നു. അന്നേ ദിവസം തന്നെ സുവേന്ദു അധികാരി മമതയുടെ വെല്ലുവിളി ഏറ്റെടുത്തു. അരലക്ഷം വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സുവേന്ദു പറഞ്ഞു.നന്ദിഗ്രാമില്‍നിന്ന് മല്‍സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസമാണ് സുവേന്ദുവിന്റെ പേര് ബിജെപി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞദിവസം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടാണ് നന്ദിഗ്രാമില്‍നിന്ന് മല്‍സരിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. തന്റെ വാക്കില്‍ ഉറച്ചുനില്‍ക്കുന്നു, നന്ദിഗ്രാമില്‍നിന്നുതന്നെ മല്‍സരിക്കും. ഒരു സീറ്റില്‍ മാത്രമായിരിക്കും മല്‍സരിക്കുക. താന്‍ മുമ്പ് മല്‍സരിച്ച ഭുവാനിപൂര്‍ മണ്ഡലത്തില്‍ ശോഭന്‍ദേബ് ഛദ്യോപാധ്യായ മല്‍സരിക്കുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം