കോഴിക്കോട്: യാത്രക്കാരന്റെ ആഡംബര വാച്ച് പരിശോധനക്കിടെ നശിപ്പിച്ചതായി പരാതി. കസ്റ്റംസ് പരിശോധനക്കായി വാങ്ങിയ ശേഷം കഷണങ്ങളാക്കി തിരിച്ചുനല്കുകയായിരുന്നുവെന്നാണ് യാത്രക്കാരന്‍ ആരോപിക്കുന്നത്. 45ലക്ഷം രൂപ വിലവരുന്നതാണ് വാച്ച്. 2021 മാര്‍ച്ച് മാസം മൂന്നാം തീയതി ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ വാച്ചാണ് കസ്റ്റംസ് നശിപ്പിച്ചത്. സംഭവത്തില്‍ കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കി. കോടതി നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് പോലീസ് അറിയിച്ചു.
സ്വര്‍ണമുണ്ടെന്ന് സംശയിച്ച് കസ്റ്റംസ് പരിശോധിച്ച വിലപിടിപ്പുളള വാച്ച് യാത്രക്കാരന് തിരിച്ചുനല്‍കിയത് വിവിധഭാഗങ്ങളാക്കി ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണെന്നും, ടെക്‌നീഷ്യന്റെ സഹായത്തോടെ തുറന്ന് പരിശോധിക്കുന്നതിന് പകരം വാച്ച് കേടാക്കിയെന്നുമാണ് ആക്ഷേപം. തുടര്‍ന്ന് ഇന്നലെ അഭിഭാഷകനുമായി എത്തിയ മുഹമ്മദ് ഇസ്മയില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കസറ്റംസ് അധികൃതര്‍ക്കും പരാതി നല്‍കി.
മുഹമ്മദ് ഇസ്മായിലിന്റെ ദുബായിലുളള സഹോദരന്‍ 2017ല്‍ ദുബായിലെ ഷോറൂമില്‍ നിന്ന് 2,26,000 ദിര്‍ഹം (ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലധികം) നല്‍കി വാങ്ങിയതാണ് വാച്ച് . അടുത്തിടെയാണ് ഇസ്മായിലിന് വാച്ചുനല്‍കിയത് . സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെങ്കില്‍ കേടതിയെ സമീപിക്കുമെന്നും ഇസ്മായിലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.