ന്യൂഡല്‍ഹി: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കെതിരെ തെറ്റദ്ധരിപ്പിക്കുന്നതും തെറ്റായ വിവരങ്ങളുമാണ് ഫ്രീഡം ഹൗസ് പ്രചരിപ്പിച്ചതെന്ന് ഇന്ത്യ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയ്ക്ക് സ്വതന്ത്രരാജ്യം എന്ന പദവി ക്രമേണ നഷ്ടമായി എന്ന അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇന്ത്യയുടെ വിമര്‍ശനം.
ഫെഡറല്‍ ഘടനയിലൂടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ബോഡിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതതെന്നും കേന്ദ്രത്തിസര്‍ക്കാര്‍ 05/03/21 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. രാജ്യം ‘ഊര്‍ജ്ജസ്വലമായ ജനാധിപത്യം’ പ്രതിഫലിപ്പിക്കുന്നുവെന്നും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവര്‍ക്ക് ഇടം നല്‍കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം, മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണം, രാജ്യദ്രോഹക്കേസുകള്‍, കൊവിഡ് കാലത്തെ ലോക്ക് ഡൗണ്‍ ദുരിതങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു.