റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനിയെന്ന് കസ്റ്റംസ്, ചോദ്യം ചെയ്യലിന് നോട്ടീസ്

March 6, 2021 - 11:38 am

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് പറയുന്നത്. മാർച്ച് 10 ബുധനാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്.

സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. 1,13,900 രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആറ് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ലൈഫ് മിഷന്‍ കേസ് ആയതോടെ ഈ ഫോണുകള്‍ ആരെല്ലാം ഉപയോഗിച്ചു എന്നതില്‍ അന്വേഷണം തുടങ്ങി.

പിന്നീട് ഡോളര്‍ കടത്തിലും സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ സംഭവം വിവാദമായതോടെ വിനോദിനി ഉപയോഗിച്ച ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്.

ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന.

ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *