ന്യൂഡല്‍ഹി: ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ ഇന്ത്യയിലെ കര്‍ഷക സമരം ഇടംപിടിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ശക്തമായി മുന്നോട്ട് പോവുന്നതിനിടെയാണ് സമരവേദിയിലെ സ്ത്രീ സാന്നിധ്യത്തെ ഉള്‍പ്പെടുത്തി കവര്‍ സ്‌റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കര്‍ഷക സമരത്തിന് പിന്തുണയുമായി ഡല്‍ഹിയിലെത്തിയ കേരളത്തില്‍ നിന്നുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്.
കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറി പുറത്തുവന്നത്. കൈക്കുഞ്ഞുങ്ങളെയും പിടിച്ചു നില്‍ക്കുന്ന അമ്മമാര്‍, വയോധികര്‍, കൊച്ചു പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം മുഴക്കുന്നതാണ് ചിത്രത്തിലുള്ളത്.
ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ടൈം മാഗസിന്റെ ഈ പതിപ്പ് സമര്‍പ്പിച്ചത്. ‘എന്നെ ഭയപ്പെടുത്താനോ വാങ്ങാനോ കഴിയില്ലെന്ന’ ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകളുടെ വാക്കുകളും മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി പഴയ വനിതാ പ്രക്ഷോഭകരും ഈ ഫോട്ടോയില്‍ ഇടംപിടിച്ചിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങാതെ ഇപ്പോഴും സമരമുഖത്ത് തന്നെ ശക്തമായി തുടരുന്ന സ്ത്രീകളെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് വഴിയൊരുക്കാനുള്ള പ്രക്ഷോഭത്തിന്റെ ചുമതല അവര്‍ ഏറ്റെടുത്തുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.