മരിക്കുമ്പോള്‍ കോവിഡ്‌ പോസിറ്റീവ്‌. മരണശേഷം കോവിഡ്‌ നെഗറ്റീവെന്ന്‌ സന്ദേശം

കല്ലമ്പലം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ആള്‍ക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ ആണെന്നും മരണ ശേഷം നെഗറ്റീവ്‌ ആണെന്നുമുളള റിപ്പോര്‍ട്ട്‌ ബന്ധുക്കളെ ദുഖത്തിലാഴ്‌ത്തി. മണമ്പൂര്‍ നീരുവിള കടയില്‍ വീട്ടില്‍ സോണി (42) ആണ്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്‌. 2021 ഫെബ്രുവരി 8 നാണ്‌ കോവിഡ്‌ പോസിറ്റീവായതിനെ തുടര്‍ന്ന്‌ സോണിയെ പാരിപ്പളളി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്ന്‌ 17ന്‌ നെഗറ്റീവ്‌ ആവുകയും വീട്ടില്‍ എത്തുകയും ചെയ്‌തു. 2 ന്‌ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയില്‍ ഇരിക്കുമ്പോള്‍ 24ന്‌ മരിച്ചു. മരിക്കുമ്പോള്‍ കോവിഡ്‌ പോസിറ്റീവ്‌ ആണെന്ന റിപ്പോര്‍ട്ട്‌ നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. കോവിഡ്‌ മാനദണ്ഡപ്രകാരം സംസ്‌കരിക്കണമന്ന നിര്‍ദ്ദേശം മണമ്പൂര്‍ പഞ്ചായത്ത്‌ സെക്രട്ടറിക്ക് ലഭിക്കുകയും ചെയ്‌തു.

തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും അസൗകര്യം ഉളളതിനാല്‍ കിളിമാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലെ ശ്‌മശാനത്തില്‍ ആയിരുന്നു സംസ്‌കാരം. ചടങ്ങുകള്‍ക്ക്‌ പിന്നാലെ കോവിഡ്‌ നെഗറ്റീവ്‌ ആണെന്ന സന്ദേശം ബന്ധുവിന്‌ ആശുപത്രിയില്‍ നിന്ന്‌ ലഭിക്കുകയുണ്ടായി സംഭവത്തിലെ വീഴ്‌ച അന്വേഷിക്കണമെന്നും കോവിഡ്‌ ചികിത്സ തേടുന്നവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ബി.സത്യന്‍ എംഎല്‍എ ആരോഗ്യ മന്ത്രിയോടാവശ്യപ്പെട്ടു. സ്വകാര്യ മേഖലയില്‍ ഡ്രൈവറായിരുന്നു സോണി. ഭാര്യ: ലതിക. മാതാവ്‌ : ലില്ലി.

Share
അഭിപ്രായം എഴുതാം