ഷൂട്ടിംഗിനിടെ പരിക്കേറ്റ ഫഹദ് ഫാസിലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

കൊച്ചി: നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റു. ഇന്നലെ വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിൽ ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. മൂക്കിന്റെ എല്ലിന് ചെറിയ പൊട്ടലേറ്റ താരത്തിനെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. ശേഷം ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു.

പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അതിജീവനം പ്രമേയമാക്കുന്ന ചിത്രമെന്നാണ് ‘മലയന്‍കുഞ്ഞി’നെക്കുറിച്ച്‌ അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന വിവരം.

സംവിധായകന്‍ മഹേഷ് നാരായണന്‍ രചനയും ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് സംവിധായകന്‍ ഫാസില്‍ ആണ് . ഫഹദിന്‍റെ അരങ്ങേറ്റ ചിത്രമായ ‘കൈയെത്തും ദൂരത്തി’ന്‍റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.

Share
അഭിപ്രായം എഴുതാം