കാസർകോട്: ജില്ലയില്‍ കോവിഡ് വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ജില്ലാതല കൊറോണ കോര്‍ കമ്മറ്റി. ഒക്ടോബര്‍ മുതല്‍ നൂറില്‍ താഴെ മാത്രമായി രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കോവിഡ് രോഗികളായി കാസര്‍കോട് തുടരുന്നതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായും ടെസ്റ്റുകളില്‍ പോസിറ്റിവിറ്റി നിരക്കുകള്‍ കൂടുന്നതായും കൊറോണ കോര്‍കമ്മറ്റി വിലയിരുത്തി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഇത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ചുമതല നല്‍കി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള കോള്‍ അറ്റ് സ്‌കൂള്‍, കോള്‍ അറ്റ് കോളേജ് പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാര്‍ഡ് തല ജാഗ്രതാ സമിതികളും മാഷ് പദ്ധതിയിലെ അധ്യാപകരും ബോധവത്ക്കരണ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 4,5,6 തീയ്യതികളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മൈതാനങ്ങളില്‍ നടത്തുന്ന യോഗങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധമാക്കി. ഇതിനായി ആരോഗ്യ വകുപ്പ് പരിശീലനം നല്‍കിയ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കാം. പൊതു ഇടങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്നിവ ശീലമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് പറഞ്ഞു. യോഗത്തില്‍ എ.ഡി.എം അതുല്‍.എസ്.നാഥ്, കൊറോണ കോര്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.