വീടുകളില്‍ നായ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു

ആലപ്പുഴ: തെരുവ് നായ നിയന്ത്രണ പദ്ധതി(എബിസി) കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ബ്രീഡര്‍മാര്‍ ഉള്‍പ്പെടയുളള നായ ഉടമസ്ഥര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുളള ലൈസന്‍സ് നിര്‍ബ്ബന്ധമാക്കാന്‍ തെരുവ് ‌നായ നിയന്ത്രണ പദ്ധതിയുടെ പ്രതിമാസ അവലോഹന കമ്മറ്റിയുടേതാണ് തീരുമാനം. നായകളെ വീടുകളില്‍ വളര്‍ത്തുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍ക്കും തീരുമാനം ബാധകമാണ്. ആറുമാസം സമയം അനുവദിക്കാനും തീരുമാനിച്ചു.

ഓരോമാസവും നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണം. വളര്‍ത്തുനായക്കള്‍ക്ക് ചിപ്പ് പിടിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പടുത്തി. ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നായ്ക്കളെ വളര്‍ത്തുന്നവരുടെ കണക്കെടുപ്പും നടത്തും.

നായ്ക്കളുടെ വന്ധ്യംകരണത്തിന് ഗ്രാമ പഞ്ചായത്തുകളില്‍ കൂടുതല്‍ കേന്ദ്രങ്ങൾ ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വന്ധ്യംകരണത്തിന് വിധേയമായ നായകളുടെ സംരക്ഷണത്തിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കുടുംബശ്രീക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എബിസി പ്രവര്‍ത്തനങ്ങള്‍ ക്കാവശ്യമായ ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെടാനും തീരുമാനിച്ചു. യോഗത്തില്‍ കളക്ടര്‍ അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസ് എന്നിവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം