17 കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍

ലഖ്‌നൗ: പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി പോലീസ് സ്റ്റേഷനില്‍ എത്തി പിതാവ്. ഉത്തര്‍ പ്രദേശിലെ ഹര്‍ദോയ് ജില്ലയിൽ 02/03/21 ചൊവ്വാഴ്ചയാണ് സംഭവം.

സര്‍വേഷ് കുമാര്‍ എന്നയാളാണ് മകളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നത്. ലഖ്‌നൗവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള പാണ്ഡേതര ഗ്രാമത്തിലാണ് സംഭവം.

ഇയാള്‍ പെണ്‍കുട്ടിയുടെ തലയുമായി റോഡിലൂടെ നടന്നു വരുന്നത് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇയാളുടെ പേരും സ്ഥലവും പോലീസുകാര്‍ ചോദിക്കുന്നതും ആരെയാണ് കൊലപ്പെടുത്തിയത് എന്നുള്ള ചോദ്യത്തിന് മകളെയാണെന്നും ഇയാള്‍ പറയുന്നുണ്ട്.

മകള്‍ ഒരാളുമായി പ്രണയത്തിലായിരുന്നെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും തലയൊഴികെയുള്ള ബാക്കി ശരീരഭാഗങ്ങള്‍ വീട്ടിലെ മുറിയില്‍ തന്നെ ഉണ്ടെന്നും ഇയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു

2019ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് യു.പി. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പോക്‌സോ പ്രകാരം ഏറ്റവും കൂടുതല്‍ കേസെടുത്തിരിക്കുന്നതും യു.പിയിലാണ്. 7,444 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

Share
അഭിപ്രായം എഴുതാം