കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് സിപിഐഎം വിറ്റെന്ന ആരോപണവുമായി പോസ്റ്റര്‍, സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍

കൊച്ചി: കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് സിപിഐഎം വിറ്റെന്ന ആരോപണവുമായി പോസ്റ്റര്‍. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. 04/03/21 വ്യാഴാഴ്ച രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘ കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ്? സെക്രട്ടറിയോ, സെക്രട്ടേറിയേറ്റോ? പ്രതിഷേധിക്കുക സഖാക്കളെ’ എന്നാണ് പോസ്റ്ററുകളിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. ട്വന്റിട്വന്റി അടക്കമുള്ള സംഘടനാ പ്രതിനിധികള്‍ മത്സരിക്കുന്നതിനാല്‍ ഏറെ ചര്‍ച്ചയായ മണ്ഡലമാണ് കുന്നത്തുനാട്. അവിടെയാണ് സിപിഐഎം സാധ്യതാപട്ടികയില്‍ വന്ന പേരുകളെ ചൊല്ലി പ്രതിഷേധം ഉണ്ടായിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരത്തിലൊരു പോസ്റ്ററിന് പിന്നിലെന്നാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം. അതിനിടെ ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത് എത്തി. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന നേതൃത്വത്തിനെ പരാതി അറിയിച്ചു. കളമശേരിയില്‍ കെ. ചന്ദ്രന്‍പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം