ബെംഗളൂരു: അപകടത്തില്‍ മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവില്‍ ജീവന്റെ തുടിപ്പുകള്‍. കര്‍ണാടകയിലെ മഹാലിംഗാപൂരിലാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിനായി നിയമിച്ച ഡേക്ടറാണ് മരിച്ച ഗോംബിയെന്ന 27കാരനില്‍ ജീവനുണ്ടെന്ന് കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ശരീരം ചലിക്കുന്നതായി ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആ ശീരീരത്തില്‍ ജീവനുണ്ടെന്ന് അദ്ദേഹത്തിന് മനസിലായി. ഉടന്‍തന്നെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയ യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2021 ഫെബ്രുവരി 27നായിരുന്നു അപകടത്തില്‍പെട്ട ശങ്കര്‍ ഗോംബി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെലെഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. വെന്‍റിലേറ്റര്‍ സംവിധാനം ഒഴിവാക്കുന്നതോടെ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ ഇയാളുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. അതേ തുടര്‍ന്ന് ശങ്കറിന്‍റെ ശരീരം വെന്‍റിലേറ്റര്‍ സംവിധാനത്തോടുകൂടിതന്നെ മാഹാലിംഗാപൂര്‍ സര്‍ക്കാരാശുപത്രിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്റര്‍ മാറ്റിയ ശേഷം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായിട്ടാണ് അവിടേക്ക് മാറ്റിയത്. അതോടൊപ്പം യുവാവിന്റെ ശവസംസ്‌കാരത്തിനുളള ഒരുക്കങ്ങളും ആരംഭിച്ചു. ശങ്കറിന് ആദരാഞ്ജലികൾ അര്‍പ്പിച്ചുകൊണ്ടുളള ബാനറുകളും പ്രത്യക്ഷപ്പെട്ടു.
തുടര്‍ന്നുണ്ടായ സംഭവത്തെപ്പറ്റി പോസറ്റ് മോര്‍ട്ടത്തിനെത്തിനായി നിയോഗിക്കപ്പെട്ട ഡോക്ടര്‍ എസ്എസ് ഗല്‍ഗലി പറയുന്നു. ‘ആശുപത്രിയിലേക്ക് പോകുമ്പോള്‍ പട്ടണത്തിലുടനീളം ശങ്കറിന്റെ കട്ടൗട്ടറുകളും ബാനറുകളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ മുഖം എനിക്കറിയാം. പക്ഷെ അദ്ദേഹം ജീവിച്ചിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ഗാല്‍ഗുലി പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോള്‍ നൂറുണക്കിനാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. പോസ്റ്റമോര്‍ട്ടം നടപടികള്‍ ആരംഭിക്കുമ്പോള്‍ ഗോംബിയുടെ ശരീരത്തില്‍ ചെറിയ അനക്കം കണ്ടു. ഇത് ശരീരത്തില്‍ സംവേദനങ്ങളുണ്ടെന്ന് അര്‍ത്ഥമാക്കുന്നു. ഞാന്‍ ഒരു പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുകയും അവന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും ചെയ്തു. അപ്പോള്‍ പള്‍സുണ്ടെന്ന് മനസിലായി. പിന്നെ ഞാന്‍ അവനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി അല്‍പ്പം കാത്തിരുന്നു. എന്നെ അതിശയിപ്പിച്ചുകൊണ്ട് അവന്‍ കൈകള്‍ ചലിപ്പിച്ചു. ഞാന്‍ ഉടന്‍ അവന്റെ കുടുംബത്തെ വിളിപ്പിച്ച് മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് അവനെ മാറ്റി .’
വെന്‍റിലേറ്റര്‍ മാറ്റിയാല്‍ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുമെന്നാണ് ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുടുംബത്തോട് പറഞ്ഞിരുന്നത്. അതിനാല്‍ ശവസംസ്കാരത്തിനുളള ഒരുക്കങ്ങളും അവര്‍ ആരംഭിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ഗോംബിയുടെ ആരോഗ്യ നിലയില്‍ കുറച്ച് പുരോഗതിയുണ്ടെന്നും ജീവന്‍ സാധാരണഗതിയിലേക്ക് വരികയാണെന്നും ഇപ്പോള്‍ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി ഡോക്ടര്‍ ഗാല്‍ഗലി പറഞ്ഞു. അവന്റെ ജീവന്റെ നിലനില്‍പ്പിന് ഒരു സാധ്യതയുളളതായും അദ്ദേഹം പറഞ്ഞു. തന്‍റെ കഴിഞ്ഞ 18 വര്‍ഷത്തെ കരിയറില്‍ 400 ലധികം പോസ്റ്റ് മോര്‍ട്ടങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇങ്ങനെയൊരു കേസ് ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതി ലഭിക്കാത്തതിനാല്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. മെഡിക്കല്‍ അവഗണനക്ക് ജില്ലാ ആരോഗ്യവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗോംബയെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.