കളമശേരി സ്റ്റേഷനിലെ സിപിഒ രഘുവിനെ സസ്‌പെന്‍ഡ് ‌ ചെയ്‌ത സംഭവത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി

കൊച്ചി: കളമശേരി സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ സിപി രഘുവിനെ സസ്‌പെന്‍ഡ് ‌ ചെയ്‌ത സംഭവത്തില്‍ വിശദീകരണവുമായി കോച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റേ. പണപ്പിരിവ്‌ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നതിനാലാണ്‌ നടപടിയെന്നാണ്‌ ഡിസിപിയുടെ വിശദീകരണം. അന്വേഷണ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും ഡിസിപി പറഞ്ഞു.

കളമശേരി പോലീസ്‌ സ്‌റ്റേഷന്‍ ജനസൗഹൃദമാക്കാന്‍ കോഫി മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത സിവില്‍ ഓഫീസര്‍ സി പി രഘുവിനെ 01.03.2021 തിങ്കളാഴ്‌ചയാണ്‌ സസ്‌പെന്‍ഡ് ‌ ചെയ്‌തത്‌. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷിന്റെ ഉദ്‌ഘാടനം നടത്തിയതിനും , മാധ്യമങ്ങള്‍ക്ക്‌ അഭിമുഖം നല്‍കിയതിനുമാണ്‌ നടപടിയെന്നാണ്‌ ഉത്തരവിലുളളത്‌. ഇത്‌ വിവാദമായതോടെയാണ്‌ ഡിസിപി വിശദീകരണം നല്‍കിയത്‌. പോലീസുദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ മാധ്യമങ്ങള്‍ക്ക്‌ അഭിമുഖം നല്‍കരുതെന്ന്‌ നേരത്തെ ഡിജിപി സര്‍ക്കുലര്‍ നല്‍കിയിട്ടുളളതാണ്‌. വിവിധ ആവശ്യങ്ങള്‍ക്കായി പോലീസിന്‌ വേണ്ടിയെന്ന പേരില്‍ ഇയാള്‍ പണപ്പിരിവ്‌ നടത്തിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്‌.

പ്രധാന മന്ത്രിയുടെ കൊച്ചി സന്ദര്‍ശന വേളയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രഘു ജോലിയില്‍ വീഴ്‌ച വരുത്തിയെന്നും, ചിത്രങ്ങളും ദൃശ്യങ്ങളും പലര്‍ക്കായി കൈമാറിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടുചെയ്‌തിരുന്നു. കളമശേരിയില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തിലുള്‍പ്പെട്ട കുട്ടികളുടെ സ്റ്റേഷനില്‍ നിന്നുളള ചിത്രങ്ങള്‍ പുറത്തുവിട്ടതും അച്ചടക്ക ലംഘനമാണെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം നടത്താന്‍ നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്‍റ് ‌ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ നിര്‍ദ്ദേശം.

Share
അഭിപ്രായം എഴുതാം